Tuesday, October 20, 2009

പശു നമുക്കു പാലു തരുന്നു

പശു നമുക്കു പാലു തരുന്നു - സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ നാം കേട്ട്‌, എഴുതി, പഠിച്ച ഒരു വാക്യമാണിത്‌. പശുവിനെക്കുറിച്ച്‌ അഞ്ചു വാക്യങ്ങളെഴുതാനുള്ള ചോദ്യത്തിനുത്തരമായി ഏതെങ്കിലും പരീക്ഷയില്‍ ഈ വാക്യം മലയാളി എഴുതിയിട്ടുമുണ്ടാവണം. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തയാള്‍ക്കും ഈ വാക്യം ഒരു പക്ഷേ അന്യമല്ല. സൂചിപ്പിച്ചു വരുന്നത്‌, നമ്മുടെ പൊതു ബോധത്തില്‍ ഒരു കുഴപ്പവുമില്ലാത്ത ഒരു പ്രസ്‌താവനയായി ഈ വാക്യം സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ്‌. രൂപപരമായും അര്‍ത്ഥപരമായും സാധുവായ ഒരു വാക്യമായി നാമിതിനെ പരിഗണിച്ചുവരുന്നു.എന്നാല്‍ ഈ വാക്യത്തില്‍ എന്തെങ്കിലും പന്തികേടുണ്ടോ? സാംസ്‌കാരികമായ ചില പന്തികേടുകളുണ്ടെന്നാണ്‌ എന്റെ പക്ഷം. പശു നമുക്കു പാലു തരുന്നു എന്ന വാക്യം ശ്രദ്ധിച്ചാല്‍ നമുക്ക്‌ (മനുഷ്യര്‍ക്ക്‌) പാലു തരാന്‍ വേണ്ടിയുള്ള മൃഗമാണ്‌ പശുവെന്നു തോന്നും; മനുഷ്യര്‍ക്ക്‌ പാല്‌ നല്‍കേണ്ടത്‌ അതിന്റെ ധര്‍മ്മമാണെന്നും. തരുന്നു എന്ന പ്രയോഗമാണ്‌ സൂക്ഷ്‌മമായി ചര്‍ച്ച ചെയ്യേണ്ടത്‌. പശു അതിന്റെ പാലുമായി മനുഷ്യരുടെ പുറകെ നടക്കുകയാണെന്നോ മനുഷ്യരുടെ വീടിനു മുമ്പില്‍ പാലുമൊഴുക്കി നില്‌ക്കുന്നുവെന്നോയുള്ള പ്രതീതി ഈ ക്രിയ ജനിപ്പിക്കുന്നുണ്ട്‌. പശുവിന്റെ കുട്ടിയെ തള്ളിമാറ്റി മനുഷ്യന്‍ അവനുവേണ്ടി പാല്‍ കറെന്നെടുക്കുകയാണ്‌ ചെയ്യുന്നതെന്ന കാര്യത്തെ / സത്യത്തെ മൊത്തത്തില്‍ ഒളിപ്പിക്കുകയാണ്‌ ഈ ഭാഷാവാക്യം.ചൂഷണത്തെ എപ്രകാരമാണ്‌ ചൂഷകന്‍ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്‌ എന്നതിന്റെ നല്ലൊരു ഉദാഹരണമാണിത്‌. ചൂഷണത്തെ മൂടിവയ്‌ക്കാന്‍ ഭാഷയെയടക്കം ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. പശുവിന്റെ പാല്‍ അതിന്റെ കുട്ടിക്കുള്ളതാണ്‌. പശുക്കുട്ടിക്കുള്ള പാലിനെ നിഷേധിച്ചുകൊണ്ടോ അല്ലെങ്കില്‍ അതിന്‌ ഔദാര്യത്തോടെ അല്‌പം നല്‌കിക്കൊണ്ടോ ബാക്കി പാല്‌ മുഴുവന്‍ മനുഷ്യന്‍ കറന്നെടുത്ത്‌ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷികളും മൃഗങ്ങളുമെല്ലാമടങ്ങുന്ന പരിസ്ഥിതിക്കുനേരെയുള്ള മനുഷ്യന്റെ പൊതു മനോഭാവത്തിന്റെ ചിഹ്നവല്‍ക്കരണം കൂടിയാണിത്‌. അധികാരം എന്നത്‌ മറ്റൊന്നിന്റെ മുകളിലുള്ള ആധിപത്യമായി മാറുന്നു. അഥവാ മറ്റൊന്നിന്റെ സ്വാതന്ത്ര്യത്തെയും സ്വാഭാവികതയെയും തകര്‍ത്ത്‌ അതിനുമേല്‍ ആധിപത്യം സ്ഥാപിച്ച്‌ സ്വയം ഒരു അധികാരിയായി മനുഷ്യന്‍ വാഴുന്നു. കൈയ്യാളുന്ന അധികാരത്തെ സാധൂകരിക്കാനും അതു ചോദ്യം ചെയ്യപ്പെടാതിരിക്കാനും വേണ്ടി എല്ലാ സാംസ്‌കാരികയുക്തികളും പ്രയോഗിക്കുന്നു. മനുഷ്യന്‍ മനുഷ്യനെത്തന്നെ ഇത്തരം ചൂഷണങ്ങള്‍ക്കു വിധേയമാക്കുന്നുണ്ടെന്നും സാധ്യമായ അധികാരമുപയോഗിച്ച്‌ അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിരിച്ചറിയണം. വര്‍ഗം,വംശം,വര്‍ണം,മതം,ജാതി,ലിംഗം എന്നീ നിര്‍ണയനങ്ങളിലെല്ലാം അധികാരപ്രയോഗ സാധ്യതകളും ചൂഷണ വ്യഗ്രതകളും അടയിരിപ്പുണ്ട്‌. ആയതിനാല്‍ ഭാഷയടക്കമുള്ള സാംസ്‌കാരിക ഉല്‌പന്നങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതിരിക്കാന്‍ തരമില്ല. ഈവക കാര്യങ്ങളാണ്‌ പശു നമുക്കു പാലു തരുന്നു എന്ന വാക്യം ഇന്നു നമ്മോടു പറയുന്നത്‌.

ഫൊഞ്ചാരപ്പാറ്റ.. കിലാഞ്ചി.. മാതിരി....

ഈ വാക്കുകള്‍ മലയാളമാണെന്നു തോന്നുമെങ്കിലും മലയാളമല്ല. എന്നാല്‍ തീര്‍ത്തങ്ങനെ പറയാനും കഴിയില്ല. കാരണം മലയാളത്തോടും കേരളസംസ്‌കാരത്തോടും ബന്ധമുള്ള പരിസരത്തുനിന്നു കടന്നുവരുന്ന വാക്കുകളാണിവ. ലക്ഷദ്വീപുസമൂഹങ്ങളില്‍ പൊതുവെ ഉപയോഗിച്ചു വരുന്ന ഭാഷയാണ്‌ ജസരി. മലയാളം, തമിഴ്‌, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളുടെ ഒരു പ്രത്യേക പാറ്റേണിലുള്ള മിശ്രിതമാണ്‌ ജസരി ഭാഷ. മുപ്പത്തിയാറോളമുള്ള ദ്വീപുകളില്‍ കടമത്ത്‌, അഗത്തി, കവറത്തി, ചേത്ത്‌ലാത്ത്‌, ആന്ത്രോത്ത്‌, അമിനി, മിനിക്കോയി, ബിത്ര, കില്‍ത്താന്‍ തുടങ്ങിയ പത്തിടങ്ങളില്‍ മാത്രമേ ജനവാസമുള്ളൂ. ഈ പത്തിടങ്ങളിലും ദേശ്യഭേദങ്ങളോടെ ജസരി നിലനില്‍ക്കുന്നു. മാലിദ്വീപുമായും അവിടുത്തെ സംസ്‌കാരവുമായും അടുപ്പവും ഉടപ്പവും കാത്തു സൂക്ഷിക്കുന്ന മിനിക്കോയിലെ പ്രാദേശിക ഭാഷയ്‌ക്ക്‌ വ്യതിരിക്തതയുണ്ട്‌.കടമത്ത്‌ ദ്വീപിലെ നിവാസികള്‍, മറ്റെല്ലാദ്വീപുകളിലെയുമെന്നപോലെ, പലഹാരപ്രിയരാണ്‌. അവരുടെ സവിശേഷമായ ചില പലഹാരങ്ങളുടെ പേരുകളാണ്‌ തലക്കെട്ടില്‍. ഈ ലിസ്റ്റ്‌ ഇനിയും നീട്ടാം. കുനിയപ്പം, ബാര, കുസ്‌മുണ്ടി, സീരപ്പം, കൈബീശി, ശോഡപ്പം.... എന്നിങ്ങനെ. ഒരു ഫോക്‌ലോര്‍ പഠന പ്രോജക്ടുമായി ബന്ധപ്പട്ട്‌, ആലുവ യൂ. സി. കോളേജിലെ രണ്ടാം വര്‍ഷ മലയാളം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടൊത്ത്‌, ദത്തങ്ങള്‍ ശേഖരിക്കാനായി കടമത്തുദ്വീപുനിവാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഞങ്ങളെ സ്വീകരിച്ചത്‌ ഈവക പലഹാരങ്ങള്‍ നല്‍കിയാണ്‌. ഇത്‌ എല്ലാ വീടുകളിലും ആവര്‍ത്തിച്ചു.പലഹാരങ്ങളുടെ രുചിവൈവിധ്യങ്ങള്‍ക്കപ്പുറം എന്നെ ആകര്‍ഷിച്ചത്‌ അവയുടെ ആകൃതികളാണ്‌. പലഹാരങ്ങളെക്കുറിച്ചുള്ള രൂപബോധങ്ങള്‍ ആകെ തകിടം മറിയുകയായിരുന്നു. വിചിത്രങ്ങളായ രൂപങ്ങളാണ്‌ അവയ്‌ക്കുള്ളത്‌. പഠനത്തിന്റെ ഭാഗമായി ലക്ഷദ്വീപ്‌ ദൃശ്യങ്ങളെ ഞാന്‍ രേഖാചിത്രങ്ങളാക്കുന്നുണ്ടായിരുന്നു. കടമത്തിന്റെ ലാന്റ്‌സ്‌കേപ്പ്‌, മത്സ്യബന്ധനദൃശ്യങ്ങള്‍, വിവിധതരം ബോട്ടുകള്‍, കോറലുകള്‍, മത്സ്യങ്ങള്‍, മറ്റു കടല്‍ ജീവികള്‍ തുടങ്ങിയവയൊക്കെ വരയ്‌ക്കപ്പെട്ടു. അപ്പോഴാണ്‌ രൂപപരമായ ചില കൂട്ടി വായനകള്‍ മനസ്സില്‍ നടന്നത്‌. വിവിധങ്ങളായ കടല്‍ ജീവികളുടെയും കവടികളുടെയും കോറലുകളുടെയും രൂപങ്ങള്‍ മറ്റൊരു സന്ദര്‍ഭത്തില്‍ കണ്ടതുപോലെ. ഓര്‍മകളിലൂടെ ബന്ധങ്ങളെ കണ്ടെടുത്തു. ഈ രൂപങ്ങള്‍ തന്നെയല്ലേ പലഹാരങ്ങളുടെയും രൂപങ്ങള്‍! അതെ. അതൊരു രൂപപരമായ തീര്‍പ്പുകല്‌പിക്കല്‍ കൂടിയായിരുന്നു. കടമത്തുനിവാസികളുടെ പലഹാരരൂപങ്ങളുടെ രൂപപരമായമാതൃക അവിടുത്തെ കടല്‍ജീവികളുടെ രൂപത്തില്‍നിന്നു കണ്ടെടുത്തതാണെന്ന നിരീക്ഷണം കടമത്തുനിവാസികളും അദ്‌ഭുതത്തോടെ ഏറ്റെടുത്തു. നിര്‍മാണാത്മകത, സൗന്ദര്യാത്മകത എന്നീ ഘടകങ്ങളെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ ശൂന്യതയോ കേവലതയോ അല്ലെന്നും ചരിത്രസാമൂഹ്യസാഹചര്യങ്ങളാണെന്നുമുള്ള സിദ്ധാന്തം പ്രായോഗികമായി മനസിലാക്കപ്പെടുകയായിരുന്നു ഈ താരതമ്യത്തിലൂടെ.

No comments:

Post a Comment