Sunday, October 4, 2009

മൊബൈല്‍ ചിലയ്‌ക്കുമ്പോള്‍ നാം കേള്‍ക്കുന്നത്‌...

ഇന്നു മിക്കപേര്‍ക്കും മൊബൈല്‍ഫോണു(കളു)ണ്ട്‌. ആവശ്യത്തിനും അനാവശ്യത്തിനുമായി ഇത്‌ ഉപയോഗിക്കപ്പെടുന്നു. ഒരാളുടെ ആവശ്യം മറ്റൊരാള്‍ക്ക്‌ അനാവശ്യമായി തോന്നുന്നതുമാവാം. ആവശ്യം-അനാവശ്യം എന്ന ചര്‍ച്ചയിലേക്കു തല്‌ക്കാലം കടക്കുന്നില്ല.മൊബൈല്‍ഫോണിന്റെ ഉപയോഗികതയ്‌ക്കപ്പുറം അതിനെ ഒരു സൗന്ദര്യവസ്‌തുവാക്കി നിലനിര്‍ത്തുന്നതിലും കൊണ്ടുനടക്കുന്നതിലും ഉപഭോക്താക്കള്‍ പൊതുവെ ശ്രദ്ധവെയ്‌ക്കുന്നു. കാണാന്‍ ഭംഗിയുള്ള മോഡല്‍ വാങ്ങുക, അനുയോജ്യമായ ഉടുപ്പണിയിക്കുക, ഇമ്പമുള്ളതോ കൗതുകമുള്ളതോ ആയ റിംഗ്‌ ടോണ്‍ സെറ്റ്‌ ചെയ്യുക, വിളിക്കുന്നയാള്‍ കേള്‍ക്കാനായി കോളര്‍ ടോണോ പാട്ടോ ഉള്‍ച്ചേര്‍ക്കുക - എന്നിങ്ങനെ നീണ്ടുപോകുന്നു സൗന്ദര്യവല്‌ക്കരണങ്ങള്‍.
റിംഗ്‌ ടോണും കോളര്‍ ടോണും തെരഞ്ഞെടുക്കുമ്പോള്‍ ഫോണുടമ അറിഞ്ഞോ അറിയാതെയോ അയാളെ സ്വയം നിര്‍വചിക്കുകയാണ്‌. അയാളുടെ സ്വത്വത്തിന്റെ മൊത്തം പ്രകാശനമാണ്‌ ഇതെന്ന അതിവാദം അവതരിപ്പിക്കുകയല്ല. എന്നാല്‍ അയാളുടെ ആത്മത്തിന്റെ ചെറിയ തോതിലെങ്കിലുമുള്ള പ്രകടനമാണിത്‌ എന്നു പറയാതെ വയ്യ. കാരണം ഈ ടോണുകളുടെയും പാട്ടുകളുടെയും ശ്രോതാവ്‌ അയാള്‍ മാത്രമല്ല. റിംഗ്‌ ടോണിന്റെ ശബ്ദപരിസരത്തുള്ളവരെല്ലാം ശ്രോതാക്കളാണ്‌. വിളിക്കുന്നവരെല്ലാം കോളര്‍ടോണിന്റെ ശ്രോതാക്കളായി മാറുന്നുമുണ്ട്‌. ടോണ്‍ ശ്രോതാക്കള്‍ക്ക്‌ ഇവിടെ പാസ്സീവായ കര്‍ത്തൃസ്ഥാനം (വ്യാകരണപരമായി കര്‍മ്മസ്ഥാനം) മാത്രമേയുള്ളുവെങ്കിലും അങ്ങനെയൊരു സംവര്‍ഗ്ഗത്തെ മുന്‍നിര്‍ത്തിയാണ്‌ മൊബൈല്‍ ഫോണുടമ ടോണിന്റെയും പാട്ടിന്റെയും തെരഞ്ഞെടുപ്പിലൂടെ സ്വയം വെളിപ്പെടുന്നത്‌. താന്‍ സാംസ്‌കാരികമായി എങ്ങനെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്‌.
‘ചോരവീണമണ്ണില്‍..‘ എന്നുതുടങ്ങുന്ന വിപ്‌ളവപ്പാട്ടോ ‘ഓം ഭൂര്‍ ഭുവസ്വഃ‘ എന്നാരംഭിക്കുന്ന ഗായത്രീമന്ത്രമോ ‘വരുവാനില്ലാരുമിന്നൊരുനാളും‘ എന്നു തുടങ്ങുന്ന സിനിമാക്കവിതയോ റിംഗ്‌ടോണ്‍ - കോളര്‍ ടോണ്‍ ആയി കേള്‍ക്കുമ്പോള്‍ അതു സെലക്ട്‌ ചെയ്‌ത ഫോണുടമയെക്കുറിച്ചൊരു വീണ്ടുവിചാരം ശ്രോതാവു നടത്തിപ്പോകും. ഈ വിചാരം താല്‌ക്കാലികവും നൈമിഷികവുമാകാമെങ്കിലും റിംഗ്‌ടോണ്‍ - കോളര്‍ ടോണ്‍ പ്രകടനങ്ങള്‍ സംസ്‌കാരബദ്ധമാണ്‌. സാംസ്‌കാരികപ്രകടനങ്ങളായി ഇവയെ മനസ്സിലാക്കാന്‍ കഴിയും. അടിപൊളിപ്പാട്ടുകളോ ശുദ്ധസംഗീതമോ ഒന്നും ഉള്‍ച്ചേര്‍ക്കാതെ പഴയകാല ലാന്റ്‌ ഫോണിന്റെ റിംഗിംഗ്‌ ശബ്ദം റിംഗ്‌ടോണോ കോളര്‍ ടോണോ ആയി ക്രമീകരിക്കുന്നവരും മറ്റൊരു തരത്തിലുള്ള പ്രകടനമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌. മൊബൈല്‍ ഫോണുടമയുടെ കലാബോധം, രാഷ്ട്രീയം, ലോകബോധം തുടങ്ങിയവയൊക്കെ അയാളുടെ മൊബൈലിലൂടെ റിംഗ്‌ ടോണായി, കോളര്‍ ടോണായി ശാബ്ദീകരിക്കപ്പെടുന്നുവെന്നു സാരം. നാം നിസ്സാരമെന്നു കരുതുന്നതില്‍വരെ സൗന്ദര്യപരതയും പ്രത്യയശാസ്‌ത്രവും അടയിരിക്കുന്നു. ഒറ്റ വാക്കില്‍ ‘സംസ്‌കാരം’ കുടിയിരിക്കുന്നുവെന്നു പറയാം. മൊബൈല്‍ ഫോണുടമയുടെ സ്വത്വ പ്രകാശനം, കപടസ്വത്വ പ്രകാശനവുമാകാനുള്ള (കര്‍ണ്ണാടകസംഗീതം തീരെ ഇഷ്ടമില്ലാത്തവന്‍ ഒരു കീര്‍ത്തനം റിംഗ്‌ടോണോ കോളര്‍ ടോണോ ആയി സെറ്റുചെയ്യുന്നത്‌ ഉദാഹരണം) സാധ്യതയുമുണ്ട്‌ എന്നു വരുമ്പോഴാണ്‌ ‘റിംഗ്‌ടോണുകളും കോളര്‍ ടോണുകളും സാംസ്‌കാരികപ്രകടനങ്ങളാണ്‌ ’ എന്ന പ്രസ്‌താവനയിലെ ‘സാംസ്‌കാരികം’ എന്ന വാക്കിന്റെ അര്‍ത്ഥം സമഗ്രവും സമ്പൂര്‍ണ്ണവുമാവുന്നത്‌.

ചീട്ട്‌ - കളിയും കാര്യവും

ഒരു സമൂഹത്തിലെ എല്ലാ അടരുകളിലെയും ശ്രേണികളിലെയും മനുഷ്യര്‍ കളിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കളിയാണ്‌ ചീട്ടുകളിയെങ്കിലും ചീട്ടിനെയും ചീട്ടുകളിയെയും ഒരു ‘നിലവാര’മുള്ള കളിയായോ സാംസ്‌കാരിക ലീലയായോ ചീട്ടുകളിസമൂഹമോ ചീട്ടുകളിക്കാത്ത സമൂഹമോ പരിഗണിച്ചുവരുന്നില്ല എന്നതു കൗതുകകരമായ കാര്യമാണ്‌. ജനപ്രിയകളിയെന്ന പദവിമൂലമാവണം ഈ അന്യവല്‍ക്കരണം. ജനപ്രിയ സാഹിത്യത്തെയും അടുത്ത കാലംവരെ നാം ‘ഒഴിവാക്കി’നിര്‍ത്തിയിരുന്നല്ലോ. എന്നാല്‍ ഇപ്പോള്‍ കണ്‍വഴികളും കാഴ്‌ചവട്ടങ്ങളും മാറിത്തീര്‍ന്നിരിക്കുന്നു. പൊതുജീവിതശൈലിയില്‍പ്പെടുന്ന എല്ലാ വ്യവഹാരങ്ങളും സംസ്‌കാരത്തിനകത്താണ്‌ എന്നു നാം തിരിച്ചറിയുന്നു. കേരളത്തിലെ കളികളെക്കുറിച്ച്‌ ഇനിയുണ്ടാവുന്ന പഠനത്തില്‍ ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും മാത്രമല്ല ചീട്ടുകളിയെയടക്കം പരിഗണിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളിലും ചീട്ടുകളി വൈവിധ്യങ്ങളോടെ നിലകൊള്ളുന്നതു കാണാം. ക്ലബ്ബുകള്‍, ബാറുകള്‍, ഉത്സവപ്പറമ്പുകള്‍, തീവണ്ടി, ആല്‍ത്തറ, വീട്‌, ലോഡ്‌ജ്‌ എന്നിങ്ങനെ നീണ്ടുപോകുന്നതാണ്‌ ചീട്ടുകളി സ്ഥലങ്ങള്‍. കളിയിലെ തോല്‍വിക്കുള്ള പിഴയായി പണം ഈടാക്കുന്നതു മുതല്‍ ഏത്തമിടീല്‍ വരെയുണ്ട്‌. മറ്റു ചിലപ്പോള്‍ ജോക്കര്‍ കാര്‍ഡ്‌ ചെവിയില്‍ തിരുകിയാല്‍ മതിയാവും. പണം വച്ചുള്ള ചീട്ടുകളി പൊതുവെ നിരോധിക്കപ്പെട്ടിരിക്കുന്നു. ചീട്ടുകളിയുടെ മാസ്‌മരികതയില്‍പ്പെട്ട്‌ സര്‍വതും തുലച്ചുകളയാതിരിക്കാനാണ്‌ ഗവണ്‍മെന്റിന്റെ ഈ നിരോധനം. കളി കാര്യമാകുന്നുവെന്നാണ്‌ ഇതിനര്‍ത്ഥം. ചീട്ടുകളിയിലൂടെ ദരിദ്രരായിത്തീര്‍ന്നവരുടെ കഥ കളിക്കാര്‍തന്നെ ഒരുപക്ഷേ പറഞ്ഞുതരും.
എന്നാല്‍ ചീട്ടുകളിയുടെ ‘കളിമട്ടി’ല്‍ പ്രിയത പൂണ്ട്‌ കളിയില്‍ എര്‍പ്പെടുന്നവരാണ്‌ അധികവും. ആബാലവൃദ്ധം ജനങ്ങളും ഈ ഗണത്തില്‍പ്പെടും. സമയം കൊല്ലാനുള്ള ഉപാധിയായാണ്‌ ചീട്ടുകളിയെ ഈ ഗണം നോക്കിക്കാണുന്നതെങ്കിലും ചെറിയ തോതിലുള്ള ധൈഷണികവ്യാപാരം കൂടിയാണിത്‌. ‘റമ്മി’എന്നു വിളിക്കപ്പെടുന്ന കളി കണക്കിന്റെ കളികൂടിയാണ്‌. ചീട്ടു വരവിലെ ഭാഗ്യം മാത്രമല്ല ചീട്ട്‌ സംവിധാനം ചെയ്യാനുള്ള കഴിവുകൂടി ഇവിടെ വിജയത്തിന്‌ നിദാനമാകുന്നു. ഈ കളിയില്‍ ഓരോ കളിക്കാരനും / കളിക്കാരിയും ഏകാകിയാണ്‌ എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഒരു കളിക്കൂട്ടായ്‌മയില്‍ത്തന്നെ പ്രത്യക്ഷപ്പെടുന്ന ഒറ്റയൊറ്റ തുരുത്തുകള്‍. ‘ഇരുപത്തിയെട്ട്‌ ’, ‘അമ്പത്തിയാറ്‌ ’ എന്നീ കളികള്‍ ടീമായി കളിക്കപ്പെടുന്നതിനാല്‍ ഒരു പ്രത്യേക തരത്തിലുള്ള ഗെയിം സ്വഭാവം ഇവയ്‌ക്കുണ്ട്‌. കൂടെ കളിക്കുന്നയാളിന്റെ മനസ്സറിഞ്ഞുവേണം അതേ ടീമംഗം കളിക്കാന്‍. ഇവിടെ കളിക്കാര്‍ തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഫ്‌ളാഷ്‌, കീച്ച്‌, മുച്ചീട്ട്‌, കഴുത എന്നിങ്ങനെ നീണ്ടു പോകുന്നതാണ്‌ കേരളത്തിലെ ചീട്ടുകളി വൈവിധ്യങ്ങള്‍.
കേരളത്തില്‍തന്നെ എത്രയോ തരത്തിലുള്ള ചീട്ടുകളികളുണ്ട്‌! ഒരു കളി തന്നെ പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നു. ചെറിയ കളിഭേദങ്ങളോടെ ചിലതു നിലനില്‍ക്കുന്നു. ഒരു ഗ്രാമമോ ഒരു ക്ലബ്ബോ ഒരു കൂട്ടായ്‌മയോ വികസിപ്പിച്ചെടുത്ത സവിശേഷകളിയും ഉണ്ടാവാം. സൂചിപ്പിച്ചു വരുന്നത്‌, ഒരു കൊളോണിയല്‍ അവശിഷ്ടമായി കേരളത്തില്‍ നിലകൊള്ളുന്ന ചീട്ടും ചീട്ടുകളിയും കൊളോണിയല്‍ യുക്തിയിലല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌. താന്താങ്ങളുടേതായ രീതിയില്‍ ചീട്ടുകളിയെ ഓരോ സമൂഹവും മാറ്റിത്തീര്‍ക്കുന്നുവെന്നു സാരം. ഇവിടെയാണ്‌ ഒരു നാടോടികളി (folk game) എന്ന നിലയില്‍ ചീട്ടുകളിയെ പരിഗണിക്കേണ്ടിവരുന്നത്‌. അങ്ങനെ വരുമ്പോള്‍ ഓരോ സവിശേഷ ചീട്ടുകളി സമൂഹത്തെയും ഫോക്കായും പരിഗണിക്കണം.
ചൈനയിലാരംഭിച്ച്‌, പിന്നീട്‌ യൂറോപ്പിലും അമേരിക്കയിലുമെത്തി, ക്രമേണ അവരാല്‍ ലോകമെമ്പാടുമെത്തിയ ചീട്ടിനും ചീട്ടുകളിക്കും ചരിത്രത്തിന്റെ ഗന്ധം കൂടിയുണ്ട്‌. ആദ്യ കാലത്തെ ഭാരമുള്ള വലിയ ചീട്ടിന്റെ സ്ഥാനത്ത്‌, ഇന്ന്‌ ലഭ്യമാകുന്ന മിനുസമാര്‍ന്ന കാര്‍ഡിന്‌ കടലാസ്‌ നിര്‍മ്മാണത്തിന്റെയും അച്ചടിയുടെയും ഡിസൈനിംഗിന്റെയും ചരിത്രം പറയാനുണ്ട്‌. ചീട്ടിലെ രൂപങ്ങള്‍ക്കുമുണ്ട്‌ രാജവംശങ്ങളുമായി ബന്ധപ്പെട്ട സുദീര്‍ഘ ചരിത്രം. നാം ഒരു തീവണ്ടിയാത്രക്കിടയില്‍, ബോറടി മാറ്റാനായി 25 രൂപ കൊടുത്ത്‌ ഒരു 'കുത്ത്‌ 'ചീട്ടു വാങ്ങി, കശക്കി കളിതുടങ്ങുമ്പോള്‍, കൈയ്യിലിരിക്കുന്നത്‌ ഒരു (ലോക)ചരിത്രവസ്‌തുവാണെന്നും നിങ്ങളുടെ കളിയില്‍ കേരളത്തിന്റെ അടയാളം പൂണ്ട കേളീശൈലി ഇടപെടുന്നുവെന്നും തിരിച്ചറിയണം. ചുരുക്കത്തില്‍, ചീട്ടുകളിയെ ആധാരമാക്കി ചരിത്രപഠനം, പ്രകടനപഠനം, ഫോക്‌ലോര്‍ പഠനം, ജനപ്രിയ കളിപഠനം, സംസ്‌കാരപഠനം എന്നിവയ്‌ക്കു സാധ്യതയുണ്ട്‌.

No comments:

Post a Comment