Friday, December 9, 2011

സിനിമയിലെ അടുക്കളയും തീന്‍മേശയും: ചില ഭക്ഷണദൃശ്യവിചാരങ്ങള്‍


ഡോ. അജു കെ. നാരായണന്‍
ചെറി ജേക്കബ് കെ.

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനചോദനകള്‍ വിശപ്പും കാമവുമാണെന്ന് സുവിദിതമാണ്. വിശപ്പ് എന്ന പ്രാകൃതവാസനയുടെ സാംസ്‌കാരികമായ നീട്ടിവെയ്ക്കലിന്റെ (cultural extension) ഭാഗമായാണ് അടുക്കളയും തീന്‍മേശയും സംസ്‌കാര ചരിത്രത്തില്‍ ഇടം നേടുന്നത്. അതിനാല്‍ ഒരേ സമയം പ്രാകൃതവും (natural) അതേസമയംതന്നെ സംസ്‌കാരപരവുമാണ് (cultural) അടുക്കളയും തീന്‍മേശയും എന്നു പറയാം.

                മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത മേല്‍പ്പുരകളായ കലാസാഹിത്യാദി പ്രകടനങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അടുക്കളയും തീന്‍മേശയും രംഗപ്രവേശം ചെയ്തിട്ടുണ്ട്- ചിലപ്പോള്‍ ജീവിതത്തിന്റെ പ്രതിഫലനമെന്ന നിലയില്‍, മറ്റു ചിലപ്പോള്‍ പ്രതിനിധാനമെന്ന നിലയില്‍. മനുഷ്യജീവിതവ്യവഹാരങ്ങളുടെ പല മട്ടിലുള്ള അവതരണങ്ങളാണ് കലാവിഷ്‌കാരങ്ങള്‍ എന്നതുകൊണ്ട,് അവയില്‍ കാലാകാലങ്ങളായി അടുക്കളയും തീന്‍മേശയും ആഹാര പദാര്‍ത്ഥങ്ങളും  കേവലചിഹ്നമായോ രൂപകമായോ രൂപകാതിശയോക്തിയായോ സിംബലായോ ബിംബമായോ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 'ലാസ്റ്റ് സപ്പര്‍', ജോഹാന്നസ് വെര്‍മിയറിന്റെ 'ദ് മില്‍ക്ക് മെയ്ഡ്' തുടങ്ങിയ പെയിന്റിംഗുകളിലും  വിക്ടര്‍ യൂഗോയുടെ 'പാവങ്ങള്‍', ജോണ്‍ സ്റ്റൈന്‍ബക്കിന്റെ 'ഗ്രേപ്‌സ് ഓഫ് റോത്ത്', ഒമര്‍ഖയാമിന്റെ 'റുബായിയാത്ത്' മുതല്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല', വൈക്കം മുഹമ്മദ് ബഷീറിന്റെ 'വിശപ്പ്', വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'മാമ്പഴം' തുടങ്ങിയ എത്രയോ സാഹിത്യരചനകളിലും ആഹാരവും ആഹരിക്കലും മുഖ്യവിഷയങ്ങ ളായിട്ടുണ്ട്.

                ആധുനികതയുടെ ഉദാത്തകലാവ്യവഹാരമായി പിറവികൊണ്ട സിനിമയിലും ഭക്ഷണവും ഭക്ഷിക്കലും വിഷയമായിത്തീര്‍ന്നിട്ടുണ്ട്. ചാര്‍ലി ചാപ്ലിന്റെ 'ഗോള്‍ഡ് റഷ്' (1925), അലക്‌സാണ്ടര്‍ കോര്‍ദോയുടെ 'പ്രൈവറ്റ് ലൈഫ് ഓഫ് ഹെന്റി എയിറ്റ്ത്ത്' (1933),  ടോണി റിച്ചാര്‍ഡ്‌സണിന്റെ 'ടോം ജോണ്‍സ്' (1963), മാര്‍ക്കോ ഫെറേറിയുടെ 'ബ്ലോ ഔട്ട്' (1973), ഗബ്രിയേല്‍ ആക്‌സലിന്റെ 'ബബറ്റ്‌സ് ഫീസ്റ്റ്' (1987), ജോര്‍ജ്ജ് ടില്‍മന്റെ 'സോള്‍ഫുഡ്' (1997), ലാസ്സേ ഹാള്‍സ്‌ത്രോമിന്റെ 'ചോക്കോളാറ്റ്' (2000) എന്നിവ വിദേശ സിനിമയില്‍നിന്നുള്ള ഏതാനും ഉദാഹരണങ്ങളാണെങ്കില്‍ മദര്‍ ഇന്ത്യ, റോട്ടി കപ്പടാ ഓര്‍ മക്കാന്‍, ഉസ്‌ക്കി റൊട്ടി, ബാവര്‍ചി, ചീനി കം തുടങ്ങിയവ ഇന്ത്യന്‍ സിനിമയില്‍നിന്നുള്ള ഉദാഹരണങ്ങളാണ്. ഭക്ഷണവും ഭക്ഷിക്കലും വെറുതെ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളടങ്ങുന്ന സിനിമകളല്ല ഇവ. ഭോജ്യവും ഭുജിക്കലും ഈ സിനിമകളുടെ ന്യൂക്ലിയസുകളാണ്. ഇത്തരം സിനിമകളിലെ ഭക്ഷണത്തിന്റെ സാന്നിധ്യത്തെ ഒരു സൂചകബോധനവ്യവസ്ഥ (signification system) എന്ന നിലയില്‍ പരിഗണിച്ച് സിനിമാപഠനം നടത്തുന്നത് കൗതുകകരമായിരിക്കും. ഇതിനൊരു എളിയ മാതൃക എന്ന നിലയില്‍ വിഖ്യാത 'ഇന്ത്യന്‍ലോകസിനിമ'യായ പഥേര്‍ പാഞ്ചാലിയെയും മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ, ആഹാരത്തെ അഭ്രപാളിയില്‍ ആഘോഷിച്ചു വിജയിപ്പിച്ചുവെന്നു പറയപ്പെടുന്ന, സാള്‍ട്ട് ആന്റ് പെപ്പറിനെയും ചേര്‍ത്തുവെച്ചു കാണാന്‍ ശ്രമിക്കുന്നു.

പഥേര്‍ പാഞ്ചാലിയിലെ ഭക്ഷണബിംബങ്ങള്‍

                ഭാരതീയ ക്ലാസിക് നോവലുകളില്‍ ഒന്നായ വിഭൂതിഭൂഷണ്‍ ബാനര്‍ജിയുടെ 'പഥേര്‍ പാഞ്ചാലി'യെ ആധാരമാക്കി 1955-ല്‍ സത്യജിത് റായി സാക്ഷാത്ക്കരിച്ചതാണ് അതേ പേരിലുള്ള സിനിമ. ചലച്ചിത്രകലയുടെ ശക്തിയും സൗന്ദര്യവും പ്രകടിപ്പിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ് പഥേര്‍ പാഞ്ചാലിയെന്നു പറയാം. സിനിമാനിര്‍മ്മാണത്തില്‍ അതുവരെ നിലനിന്നിരുന്ന പല സമ്പ്രദായങ്ങളെയും റായ് കടപുഴക്കിയെറിഞ്ഞു.
               
                നിശ്ചിന്ദിപുരം ഗ്രാമത്തിലെ ദരിദ്രബ്രാഹ്മണനായ ഹരിഹര്‍ റായിയുടെ കുടുംബത്തിന്റെ ജീവിതാനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഹരിഹറിന്റെ ഭാര്യ സര്‍വജയ, മകള്‍ ദുര്‍ഗ, മകന്‍ അപു, അകന്ന ബന്ധത്തിലുള്ള വൃദ്ധയായ പിഷി എന്നിവരാണ് മറ്റു കുടുംബാംഗങ്ങള്‍. സാഹിത്യരചനയില്‍ താല്പര്യമുള്ള ഹരിഹര്‍ റായിക്ക് സ്ഥിരവരുമാനമുള്ള ജോലിയൊന്നുമില്ല. ചില മതചടങ്ങുകള്‍ നടത്തുകവഴി റായിക്കു കിട്ടുന്ന തുച്ഛമായ പണംകൊണ്ട് അവര്‍ കഴിഞ്ഞുകൂടാന്‍ ശ്രമിക്കുകയാണ്. ആവശ്യത്തിനുള്ള ഭക്ഷണം ആര്‍ക്കും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അപുവും ദുര്‍ഗയും പിഷി അമ്മൂമ്മയും മറ്റും ഭക്ഷണവസ്തുക്കളെ കൊതിയോടെയാണ് നോക്കിക്കാണുന്നത്. അയല്‍പക്കത്തെ തൊടികളില്‍നിന്ന് ആരും കാണാതെ ദുര്‍ഗ പഴങ്ങള്‍ പറിച്ചുകൊണ്ടുവരും. അതവള്‍ അമ്മൂമ്മയ്ക്കും പങ്കുവെയ്ക്കുന്നു. ദുര്‍ഗ പഴങ്ങള്‍ മോഷ്ടിച്ചതിന്റെ പേരില്‍ വഴക്കുണ്ടാക്കുന്ന ഷിജൊബാവു എന്ന അയല്‍ക്കാരിയെയും സിനിമയില്‍ കാണാം.

                ദുര്‍ഗയും അപുവും വളര്‍ന്നു വരുന്നതോടെ പ്രാരാബ്ധങ്ങളും ഏറുകയാണ്.  ദുര്‍ഗയ്ക്കു പനി വന്ന് കിടപ്പിലാവുമ്പോള്‍ മരുന്നു വാങ്ങിക്കൊടുക്കാനോ നല്ല ആഹാരം കൊടുക്കാനോ കഴിയുന്നില്ല. പിഷി അമ്മൂമ്മയുടെ മരണം കുട്ടികളെ വല്ലാതെ തളര്‍ത്തുന്നുണ്ട്. ഒരിക്കല്‍ മകളായ ദുര്‍ഗയെ പേരയ്ക്കാമോഷണത്തിന് സര്‍വജയ അടിച്ചുവെങ്കില്‍ പിന്നീടൊരിക്കല്‍ വഴിയരികില്‍ കിടന്നിരുന്ന തേങ്ങ ആരും കാണാതെ എടുത്തുകൊണ്ടുവരേണ്ട ഗതികേടും അവള്‍ക്കുണ്ടാകുന്നു. ഇങ്ങനെ ഊഷരമായ ജീവിതത്തിന്റെ പലയിടങ്ങളിലും ഭക്ഷണത്തെ സവിശേഷസൂചകമായി സത്യജിത്‌റായ് അവതരിപ്പിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ദുര്‍ഗ പേരയ്ക്ക മോഷ്ടിക്കുന്നത്, പിഷി അമ്മൂമ്മ  കൊതിയോടെ ഭക്ഷണം കഴിക്കുന്നത്, ദുര്‍ഗയ്ക്കു വേണ്ടി പിഷി ഭക്ഷണം ഒളിച്ചു വയ്ക്കുന്നത്, മിഠായിക്കാരന്റെ പിന്നാലെ അപുവും ദുര്‍ഗയും പായുന്നത്, ദുര്‍ഗയ്ക്ക് കൂട്ടുകാരി പാല്‍മിഠായി സമ്മാനിക്കുന്നത്, പുളി കട്ടെടുത്ത് അപുവും ദുര്‍ഗയും കഴിക്കുന്നത്, അപുവും ദുര്‍ഗയും കരിമ്പ് തിന്നുന്നത്, സര്‍വോജയ തേങ്ങാ മോഷ്ടിക്കുന്നത് ഹരിഹര്‍റായിയും കുടുംബവും ഒടുവില്‍ ഗ്രാമത്തില്‍നിന്നു പോകുമ്പോള്‍ ഗ്രാമീണര്‍ അവരുടെ സ്‌നേഹാദരങ്ങളുടെ ഭാഗമായി മാമ്പഴങ്ങള്‍ നല്‍കുന്നത് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

                പഥേര്‍ പാഞ്ചാലി എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ഈവക ഭക്ഷണബിംബങ്ങള്‍ എന്താണ് നമ്മോട് സംവദിക്കുന്നത്? സാമൂഹ്യജീവിതസംസ്‌കാരങ്ങളെ ആവിഷ്‌ക്കരി  ക്കാനുള്ള ശ്രമമാണ് സത്യജിത്‌റായി നടത്തുന്നതെന്നു സമ്മതിച്ചാല്‍, ജീവിതത്തിന്റെ അത്താണിയായ ഭക്ഷണം ഒരു പ്രധാനരൂപകമായി സിനിമയില്‍ ഇടം നേടുന്നതില്‍ അദ്ഭുതപ്പെടാനില്ല. പ്രശസ്ത നരവംശശാസ്ത്രജ്ഞനായ ലെവി സ്‌ട്രോസ് 'ദ് റോ ആന്റ് കുക്ക്ഡ്'(The Raw and Cooked) എന്ന ഗ്രന്ഥത്തില്‍ പറയുന്നതുപോലെ, സര്‍വസാധാരണ മെന്നു കരുതി തള്ളിക്കളയാവുന്ന ഒരു ബിംബമോ യാഥാര്‍ത്ഥ്യമോ (image/ reality) അല്ല ഭക്ഷണം. ആഹാരമാണ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവശ്യവസ്തുവും ചിഹ്നവും. ഈ ആശയത്തെ കുറേക്കൂടി വിപുലീകരിച്ചുകൊണ്ട് റൊളാങ് ബാര്‍ത്ത് ചില നിരീക്ഷണങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഭക്ഷണത്തെ വെറുമൊരു പദാര്‍ത്ഥമെന്നു പരികല്പിക്കുന്നതിന് ഉപരിയായി വ്യത്യസ്ത ജീവിതസാഹചര്യങ്ങളെ അതെങ്ങനെ പ്രകാശിപ്പിച്ചെടുക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴാണ് ഭക്ഷണത്തെക്കുറിച്ചുള്ള പറച്ചിലുകള്‍ക്ക് ഫലപ്രദമായ ഒരു ആഖ്യാനച്ചിട്ട കൈവരുന്നതെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ വരുമ്പോള്‍ ആഹാരത്തിന്റെ പോഷകഗുണങ്ങള്‍ മാത്രമല്ല, മത-ജാതി-വര്‍ഗ-  പ്രാദേശികമൂല്യങ്ങളും സംസ്‌കാരപഠനവിചാരത്തില്‍ സുപ്രധാനമായിത്തീരുന്നു. ഭക്ഷണത്തെ മുന്‍നിര്‍ത്തി പ്രധാനമായും മൂന്നുതരം മൂല്യങ്ങള്‍ ബാര്‍ത്ത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്ന്: സ്മരണകളുടെ ഭാഗമായ ഭക്ഷണത്തിന്റെ വ്യാവഹാരിക മൂല്യം - പിറന്നാള്‍, ഓണാഘോഷം, ഞായറാഴ്ചകളിലെ കുര്‍ബാന കൈക്കൊള്ളല്‍, ഇഫ്താര്‍ തുടങ്ങിയ സാംസ്‌കാരികസന്ദര്‍ഭങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വരുന്ന ഭക്ഷണത്തിന്റെ മൂല്യമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. രണ്ട്: മനുഷ്യവംശീയതകളുടെ സ്വത്വത്തിന്റെ ഭാഗമായി കൈമാറി വരുന്ന ഭക്ഷണവ്യവസ്ഥയുടെ  മൂല്യപരത - ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര പ്രദേശത്തെ ജനങ്ങള്‍ കെട്ടുകാഴ്ചയുടെയും കുത്തിയോട്ട മഹോത്സവത്തിന്റെയും ഭാഗമായി തയ്യാറാക്കുന്ന കൊഞ്ചും മാങ്ങ പോലെയുള്ള ഭക്ഷണവിഭവങ്ങള്‍, കോഷര്‍ എന്നറിയപ്പെടുന്ന ജൂതരുടെ ഭക്ഷണച്ചിട്ട, മുസ്ലീങ്ങളുടെ ഹലാല്‍ തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു. മൂന്ന്: ഭക്ഷണത്തിന്റെ ആരോഗ്യപരമായ മൂല്യം. ഇവിടെ രണ്ട്, മൂന്ന് ഗണങ്ങളിലായി അവതരിപ്പിച്ച ഭക്ഷണമൂല്യസങ്കല്പനങ്ങളാണ് പഥേര്‍ പാഞ്ചാലിയിലെ  ഭക്ഷണദൃശ്യങ്ങളില്‍ മുഖ്യമായും  വെളിപ്പെടുന്നത്.

ഇല്ലായ്മയുടെ ഭക്ഷണം, ഭക്ഷണത്തിന്റെ ഇല്ലായ്മ
               
                ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ ബംഗാള്‍ ഗ്രാമമാണ് പഥേര്‍ പാഞ്ചാലിയിലുള്ളത്. ദാരിദ്ര്യമടക്കമുള്ള ക്ഷാമങ്ങള്‍ നേരിടുന്ന ഗ്രാമത്തിന്റെ ദൈന്യത ഒരു പക്ഷേ ഇപ്പോള്‍പ്പോലും ബംഗാള്‍ഗ്രാമങ്ങളുടെ നേര്‍ക്കാഴ്ചയാണ്(എല്ലാ ഇന്ത്യന്‍ ഗ്രാമങ്ങളുടെയും അവസ്ഥ ഏതാണ്ട് ഇതുതന്നെ). ഗ്രാമങ്ങള്‍ രാജ്യത്തിന്റെ ഭക്ഷ്യകലവറകളാണെന്നു പറയുമ്പോള്‍ത്തന്നെ അടിസ്ഥാനവര്‍ഗ ഗ്രാമീണര്‍ ഭക്ഷ്യസുരക്ഷിതരല്ല എന്നുകൂടി ഓര്‍മ്മിക്കണം. നിലനില്‍പ്പിനുവേണ്ടിയുള്ള (need) ഭക്ഷണം പോലും അവര്‍ക്കു കമ്മിയാണ്. മിച്ചഭക്ഷണം എന്നൊരു സങ്കല്പമേയിവിടെയില്ല. ഗ്രാമീണരുടെ മേല്‍ത്തട്ടില്‍നിന്ന് കീഴ്ത്തട്ടിലേക്കു സഞ്ചരിച്ചാല്‍ അവരുടെ ഫുഡ്‌മെനുവിന്റെ എണ്ണം കുറയുന്നതായി കാണാം. അതിസാധാരണ ഗ്രാമീണര്‍ക്ക് തീന്‍മുറിയും തീന്‍മേശയും എന്ന സങ്കല്പംതന്നെ അന്യമാണ്. അടുക്കളതന്നെയാണ് അവരുടെ തീന്‍മുറി. അടുക്കളയാവട്ടെ പ്രകൃതി കയറിക്കിടക്കുന്ന ഒരിടവും. ഫലമൂലാദികളെ കൂടുതല്‍ ഉപജീവിച്ചും അവശ്യം ധനധാന്യങ്ങള്‍ പാകം ചെയ്തും അവര്‍ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഒട്ടും പ്രൗഢമോ ആഡംബരബദ്ധമോ വര്‍ണ്ണപ്പകിട്ടാര്‍ന്നതോ ആയ ഭക്ഷണബിംബങ്ങള്‍ പഥേര്‍ പാഞ്ചാലിയില്‍ കടന്നുവരാത്തത് ഇതുകൊണ്ടാണ്. പേരയ്ക്കയും കരിമ്പും തേങ്ങയും മറ്റുമാണ് ഈ സിനിമയിലെ പ്രധാന ഭക്ഷണസൂചകങ്ങള്‍. അതുപോലുമാകട്ടെ അന്യന്റെ തൊടിയില്‍നിന്നു മോഷ്ടിക്കുന്നതോ അയല്‍ക്കാരുടെ ഔദാര്യത്താല്‍ ലഭ്യമാകുന്നതോ ആണ്. ഇല്ലായ്മയുടെ ഭക്ഷണവും ഭക്ഷണത്തിന്റെ ഇല്ലായ്മയുമാണ് പഥേര്‍ പാഞ്ചാലിയില്‍ നിഴലിക്കുന്നത്. ആധുനികീകരണം (modernisation)            നാടിനെ മാറ്റിമറിക്കുന്ന കാലത്തും (തോട്ടങ്ങള്‍, മില്ലുകള്‍, തീവണ്ടി തുടങ്ങിയവയുടെ വരവ്) ഗ്രാമങ്ങളുടെ പരാധീനതകള്‍ കൂടിയതേയുള്ളൂ.

                ഈ അവസ്ഥകളെ മറ്റൊരു തരത്തില്‍ മുന്‍കൂറായി അവതരിപ്പിച്ച ലോകസിനിമകളാണ് ചാര്‍ലി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസും' സര്‍ജി ഐസന്‍സ്റ്റൈനിന്റെ  'ബാറ്റില്‍ഷിപ്പ് പോട്ടംകിനും'. ആഹാരത്തിന്റെ രാഷ്ട്രീയമാണ് അടിസ്ഥാനപരമായ അസ്തിത്വപ്രശ്‌നമെന്ന് വിളിച്ചോതിയ സിനിമകളാണവ. മോഡേണ്‍ ടൈംസില്‍ ചാപ്ലിന്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രത്തിന് വളരെ അപ്രതീക്ഷിതമായാണ് ഒരു ഫാക്ടറിയില്‍ ജോലി ലഭിക്കുന്നത്. സ്പാനര്‍ ഉപയോഗിച്ചുള്ള ഫാക്ടറിവേലയുടെ യാന്ത്രികമായ ആവര്‍ത്തനം കൊണ്ടാവണം അയാളുടെ സ്വാഭാവികചലനങ്ങള്‍വരെ മാറിപ്പോകുന്നു. കൈയിലിരിക്കുന്ന സ്പൂണ്‍, സ്പാനര്‍പോലെ ചലിച്ചുപോകുന്നതിനാല്‍ അയാള്‍ക്ക് കാന്റീനിലെ തീന്‍മേശയ്ക്കരികിലിരുന്ന് സൂപ്പുകഴിക്കാന്‍പോലും കഴിയാതെ വരുന്നു. ഭക്ഷിക്കുക എന്ന ജൈവവും വളരെ സ്വാഭാവികവുമായ പ്രക്രിയയെ ആധുനികത (modernity)എപ്രകാരം അന്യവല്‍ക്കരിച്ചുവെന്നതിന്റെ ഉദാഹരണമാണിത്. ഈ അന്യവല്‍ക്കരണം (alienation) സൃഷ്ടിക്കുന്ന അന്ധാളിപ്പിനെ ഈ കഥാപാത്രം മറികടക്കുന്നത്, ഏദന്‍തോട്ടത്തിനു സമാനമായ ഒരുസുഭക്ഷ്യലോകത്ത് വിഭവസമൃദ്ധമായ തീന്‍മേശയ്ക്കരികില്‍, കുടുംബസമേതം അഭിരമിക്കുന്നതായി സ്വപ്നം കണ്ടുകൊണ്ടാണ്. ആഹാരത്തെ മുന്‍നിര്‍ത്തി ചിത്രീകരിക്കപ്പെട്ട ചാപ്ലിന്റെ ഈ രാഷ്ട്രീയചലച്ചിത്രം കണ്ണുനനയിപ്പിക്കുന്ന കോമഡി ട്രാക്കാണു സ്വീകരിച്ചതെങ്കില്‍ ഐസന്‍സ്റ്റൈനിന്റെ  ബാറ്റില്‍ഷിപ്പ് പോട്ടംകിനില്‍ ഭക്ഷണം എന്ന സൂചകം ന്യായമായും 'നേടിയെടുക്കപ്പെടേണ്ട ഒരു കിട്ടാക്കനി'യാണ്. കപ്പലിലെ അധികാരികള്‍ക്കും സമ്പന്നര്‍ക്കും നല്ല ഭക്ഷണം ലഭിക്കുമ്പോള്‍ തങ്ങളുടെ തീന്‍മേശകളിലേക്കുവരുന്ന സൂപ്പില്‍ പുഴുവരിച്ച ഇറച്ചിയാണെന്നുള്ള സാധാരണക്കാരുടെ ബോധ്യം അവരെ സമത്വസംസ്ഥാപനത്തിനാ യുള്ള വിപ്ലവത്തിലേക്കു നയിക്കുന്നു. ബാറ്റില്‍ഷിപ്പ് പോട്ടംകിനിലും മോഡേണ്‍ ടൈംസിലും നാം കാണുന്ന 'സൂപ്പ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങ'ളെ, ചാപ്ലിന്റെ തന്നെ 'ഗോള്‍ഡ് റഷ്' എന്ന മറ്റൊരു സിനിമയില്‍, വിശന്നുവലയുമ്പോള്‍ ഷൂ പുഴുങ്ങിത്തിന്നുന്ന ഒരു തെണ്ടിയുടെ ബിംബത്തിലേക്ക് ആവാഹിച്ചിട്ടുള്ളതായി കാണാം.
               
                പഥേര്‍ പാഞ്ചാലി അടക്കമുള്ള ഇത്തരം സിനിമകളില്‍ ആഹാരം (food) എന്നത് മനുഷ്യന്റെ ആവശ്യ(need)ത്തിന്റെയും മാന്യമായ ആഗ്രഹ(want)ത്തിന്റെയും ഭാഗമായ സാന്നിധ്യമാണ്. ബാര്‍ത്ത് പറയുന്നു: Food is a means of 'communication, a body of images, a protocol of wages, situations and behaviour'.

ധാരാളിത്തത്തിന്റെ ആഹാരം, ആഹാരത്തിന്റെ ധാരാളിത്തം

                1968-ല്‍ റിച്ചാര്‍ഡ് ഡോണര്‍ 'സാള്‍ട്ട് ആന്റ് പെപ്പര്‍' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് കോമഡി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ചാള്‍സ് സാള്‍ട്ട്, ക്രിസ്റ്റഫര്‍ പെപ്പര്‍ എന്നീ മുഖ്യകഥാപാത്രങ്ങളുടെ പേരിനെ കോര്‍ത്തിണക്കിയാണ് ഇവിടെ സിനിമാശീര്‍ഷകം രൂപപ്പെടുത്തിയതെങ്കില്‍ 2011-ല്‍ ആഷിക് അബു സംവിധാനം ചെയ്ത മലയാള ജനപ്രിയസിനിമയ്ക്ക് 'സാള്‍ട്ട് ആന്റ് പെപ്പര്‍' എന്ന പേരു വരുന്നത് ആഹാരത്തിന്റെ രണ്ടു പ്രധാനരുചികളെ (ഉപ്പും എരിവും) ധ്വനിപ്പിക്കാനെന്ന നിലയിലാണ്. ഈ സിനിമയിലെ മുഖ്യ ചേരുവ (texture) ഭക്ഷണമാണെന്നു വിളിച്ചോതുന്നതാണ് സിനിമയുടെ ടാഗ് ലൈനും - 'ഒരു ദോശ ഉണ്ടാക്കിയ കഥ'.
                പുതിയ ഭക്ഷണരുചികള്‍ അന്വേഷിച്ചുപോകുന്ന കാളിദാസന്റെ പ്രണയമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയുടെ മുഖ്യപ്രമേയം. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനായ  അയാള്‍ ഒരിക്കല്‍ പെണ്ണുകാണാന്‍ പോകുമ്പോള്‍ സല്‍ക്കാരത്തിന്റെ ഭാഗമായി കഴിച്ച ഉണ്ണിയപ്പത്തിന്റെ രുചിയില്‍ മതിമറന്ന് അതുണ്ടാക്കിയ രാധാകൃഷ്ണന്‍ എന്ന കുശിനിക്കാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരുന്നു. അയാളുണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ കഴിച്ച് സുഖിച്ച് ജീവിക്കുന്നതിനിടയിലാണ,് ശ്വേതാമേനോന്‍ അവതരിപ്പിക്കുന്ന മായ എന്ന കഥാപാത്രത്തിന്റെ ഒരു റോംഗ് നമ്പര്‍ കോള്‍ കാളിദാസന് വരുന്നത്. യഥാര്‍ത്ഥത്തില്‍ അവള്‍ രുചികരമായ ദോശയ്ക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചതായിരുന്നു. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിതുറക്കുകയും ചെയ്യുന്നു. പ്രണയസംഭവവികാസങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഭക്ഷണഭക്ഷിക്കലുകളെ സ്‌ക്രീനില്‍ 'നിറഞ്ഞു കവിഞ്ഞു തുളുമ്പി' അവതരിപ്പിക്കാന്‍ സംവിധായകന്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ സോംഗിന്റെ ദൃശ്യപശ്ചാത്തലമായി വരുന്ന ആഹാരദൃശ്യങ്ങള്‍, പെണ്ണുകാണല്‍ ചടങ്ങിലെ ഉണ്ണിയപ്പം, കാളിദാസന്റെയും മായയുടെയും പ്രണയത്തിനു കാരണമായ ദോശ, രാധാകൃഷ്ണനുണ്ടാക്കുന്ന മീന്‍കറി, ഒരു വിദേശയുദ്ധചരിത്രത്തിന്റെ സൂചനകളുടെ പശ്ചാത്തലത്തില്‍ പ്രണയരൂപകമായി നിര്‍മ്മിക്കുന്ന കേക്ക്, 'സ്ത്രീ സ്വാതന്ത്ര്യപ്രഖ്യാപന'ത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന  ബിയര്‍ കുടിക്കല്‍, മായ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ സന്ദര്‍ശകരുടെ ഭക്ഷണസംബന്ധിയായ വീണ്ടുവിചാരങ്ങള്‍ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങളാണ്.
                സാള്‍ട്ട് ആന്റ് പെപ്പറില്‍ നാം കാണുന്ന ഈവക ഭക്ഷണബിംബങ്ങള്‍ ഏതെല്ലാം തരത്തിലുള്ള അര്‍ത്ഥോല്പാദനമാണ് നടത്തുന്നത്? തീര്‍ച്ചയായയും അത് പഥേര്‍ പാഞ്ചാലിയിലെ ഭക്ഷണസൂചകങ്ങളില്‍നിന്ന് വളരെ വിഭിന്നമാണ്. കഥയിലെ അനിവാര്യമായ പ്രയോഗത്തിനപ്പുറം ആഹാരപദാര്‍ത്ഥങ്ങളുടെ കെട്ടുകാഴ്ചയാണ് സാള്‍ട്ട് ആന്റ് പെപ്പറില്‍ നാം കാണുന്നത്. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി രൂപംകൊണ്ട, തീനും കുടിയും സുഖലോലുപതയുടെ ഭാഗമാക്കിയ, പുത്തന്‍ ഉപരി-മധ്യവര്‍ഗങ്ങളുടെ ഇച്ഛകളുടെ കാര്‍ണിവല്‍ക്കാഴ്ചയാണിവിടെയുള്ളത്. ബാര്‍ത്ത് സൂചിപ്പിക്കുന്ന, സ്മരണകളുടെ ഭാഗമായ ഭക്ഷണത്തിന്റെ വ്യാവഹാരികമൂല്യമാണ് ഈ ചലച്ചിത്രകാഴ്ചയില്‍ തെളിഞ്ഞുനില്‍ക്കുന്നതെന്നു പൊതുവേ പറയാം. കേരളത്തിലെ മധ്യവര്‍ഗസമൂഹം മറ്റു ഉപഭോഗവസ്തുക്കളുടെ കാര്യങ്ങളിലെന്നപോലെ ഭക്ഷണവസ്തുക്കളെയും പൊലിപ്പിച്ചു കൊണ്ടാടാറുണ്ട്. വിവിധരാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളും ആഹാരരീതിയും വര്‍ദ്ധിച്ച ആവേശത്തോടെ സ്വന്തം തീന്‍മേശയില്‍ നിരത്തി പ്രൗഢി കാണിക്കുക, പുതിയ റസ്റ്റോറന്റ് സംസ്‌കാരത്തിന്റെ ഭാഗമായി അടുക്കളയെയും തീന്‍മേശയെയും നവീകരിക്കുക, അവശ്യഭോഗത്തിനപ്പുറം ഭക്ഷണത്തെ പൊങ്ങച്ചത്തിന്റെ അടയാളമാക്കുക തുടങ്ങിയ ഉപഭോഗസമൂഹത്തിന്റെ ആസക്തിപരമായ നീക്കങ്ങളുടെ സിനിമാറ്റിക് കാഴ്ചകളാണ് സാള്‍ട്ട് ആന്റ് പെപ്പറിലുള്ളത്. ഇതിനിടയില്‍ വംശീയഭക്ഷണ(ethnic food)ങ്ങളുടെ കാഴ്ചയൊരുക്കി കാല്പനികവും ഗൃഹാതുരവുമായ സ്മരണകള്‍ ഉണര്‍ത്താനും ശ്രമമുണ്ട്. ഇവയെയെല്ലാം സിനിമയുടെ 'രാഷ്ട്രീയ അബോധ'മായി (political unconscious) മനസിലാക്കാം. ആഖ്യാനങ്ങളുടെ അബോധത്തില്‍, അതിന്റെ ഘടനയെയും ആഖ്യാനം ലക്ഷ്യമാക്കുന്ന അനുഭൂതിപരിസരങ്ങളെയും നിര്‍ണ്ണയിക്കുന്ന ചരിത്രബന്ധങ്ങളെയാണ് ഫ്രെഡറിക് ജയിംസണ്‍ 'രാഷ്ട്രീയ അബോധം'എന്നു പരികല്പിക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലൂടെ    വെളിപ്പെട്ടു കിട്ടുന്നതാണ് സമകാലിക മലയാളിസമൂഹം എന്ന ധാരണയും ഈ സിനിമ അ/ബോധപരമായി പ്രക്ഷേപിക്കുന്നുണ്ട്.

                ഭക്ഷണം 'ഫെറ്റിഷ്' (തീവ്രമായ ആഗ്രഹം ജനിപ്പിക്കുന്ന വസ്തു) ആയി മാറുന്നതിന്റെ സൂചനകളിവിടെയുണ്ട്. ഇവിടെ ആഹാരബിംബങ്ങളുടെ 'ഉപയോഗമൂല്യം'(use value) ലൈംഗിക ബിംബത്തിന്റെ  'ആഗ്രഹമൂല്യ'വുമായി (desire value) ചാര്‍ച്ചയാകുന്നുവെന്ന് സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തങ്ങളെ പിന്‍പറ്റി പറയാം. ലൈംഗികത (sex) എന്നത് അതിന്റെ ജൈവികചോദനയില്‍നിന്ന് അടര്‍ന്നു മാറി, നിരന്തരം ഉപഭോഗിക്കാന്‍ മാത്രമുള്ളതും കൃത്യമായി പിടിതരാതെ നിരന്തരം വഴുതിമാറിക്കൊണ്ടിരിക്കുന്നതുമായ പൊങ്ങുതടിക്കു സമാനമായിത്തീരുന്നു. അങ്ങനെ വരുമ്പോള്‍ ഹ്ലാദം (pleasure) എന്നത്  ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാത്തതും ശമിക്കാത്തതുമായ ഇച്ഛയായി അവശേഷിക്കും. ഏതാണ്ടിതുപോലെ ഒരിക്കലും പൂര്‍ണ്ണസംതൃപ്തി തരാത്ത പ്രവൃത്തിയായി ആഹരിക്കല്‍/ ഭക്ഷിക്കല്‍ മാറുന്നു. ചുരുക്കത്തില്‍, തിന്നുകയെന്നത് ആഘോഷപരമായ തുടര്‍വൃത്തിയായി പരിണമിക്കുകയാണ്. കൂടാതെ ഭക്ഷണവും ഭക്ഷിക്കലും കാഴ്ചസുഖം(voyeurism),  നോട്ടസുഖം (pleasure of the look) എന്നിവ പ്രദാനം ചെയ്യുന്ന ഏര്‍പ്പാടായിത്തീരുകയും ചെയ്യുന്നു.

                മിഷേല്‍ ഫൂക്കോയുടെ 'പനാപ്റ്റിക്കോണ്‍' (സ്‌റ്റേറ്റടക്കമുള്ള സാമൂഹികാധികാര കേന്ദ്രങ്ങള്‍ പ്രജകളെ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ) എന്ന സങ്കല്പനത്തോട് ഈ അവസ്ഥാന്തരത്തെ ചേര്‍ത്തു വായിക്കാവുന്നതാണ്. 'മാദകത്വം' തുളുമ്പുന്ന 'സുന്ദരമായ' ഭക്ഷണം എന്ന ബിംബം നിരന്തരപര്യവേക്ഷണ(constant surveillance)ത്തിന് വിധേയമാകുന്നു. നമ്മള്‍ മറ്റുള്ളവരുടെ ആഹാരത്തെയും ആഹരിക്കലിനെയും നിരീക്ഷിച്ച് അതിന്റെ അടിസ്ഥാനത്തില്‍ അവരെ വര്‍ഗീകരിക്കാന്‍ ശ്രമിക്കുന്നു. ഇതുപോലെ മറ്റുള്ളവര്‍ നമ്മെ നിരീക്ഷിക്കുകയും വര്‍ഗീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന ബോധവും നമ്മള്‍ പേറുന്നു. ഭക്ഷണകേന്ദ്രിതമായ ഈ ഫിക്‌സേഷന്‍ (fixation) അഥവാ ഒഴിയാബാധകള്‍ ഉപഭോഗപ്രൗഢിയുടെ സൂചകമായി മാത്രം ഭക്ഷണത്തെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

                പുത്തന്‍ പുതിയ സമൂഹത്തിന്റെ ആഡംബരത്തിന്റെ ഭാഗമായ ഭക്ഷണങ്ങളുടെയും ഭക്ഷണം കഴിക്കലിന്റെയും ചലച്ചിത്രകാഴ്ചയില്‍ ചില കാര്യങ്ങള്‍  ചോര്‍ന്നു പോകുന്നുണ്ട്. ഭക്ഷണവസ്തുക്കള്‍ ഉദ്പ്പാദിപ്പിക്കപ്പെടുന്ന സാഹചര്യം, അവയ്ക്കു പ്രകൃതിയുമായുള്ള അടുപ്പം, കര്‍ഷകസമൂഹവുമായി അതിനുള്ള ബാന്ധവം തുടങ്ങിയവയൊന്നും ഇത്തരം ന്യൂ ജനറേഷന്‍ സിനിമയുടെ ഫ്രെയിമിനു വിഷയമല്ല. പകരം ഭക്ഷണം എന്ന ഉല്പന്നത്തിന്റെ നിറശോഭയും പാക്കേജ് ഫുഡിന്റെ വൈവിധ്യങ്ങളും ഫോക്കസിംഗ് കേന്ദ്രങ്ങളാകുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയില്‍ ആദ്യ സീക്വന്‍സില്‍ പ്രത്യക്ഷപ്പെട്ട,് ഏതാണ്ട് ഒടുക്കം വരെ നിഷ്‌ക്രിയനായി ഒരു മൂലയ്ക്ക് ഒതുക്കിയിരുത്തിയിരിക്കുന്ന ആദിവാസി മൂപ്പന്റെ 'കാട്ടുഭക്ഷണം' (ട്രൈബ് റെസീപ്പി മനസിലാക്കാന്‍ കൂടിയാണ് കാളിദാസന്‍ അയാളെ വീട്ടില്‍ താമസിപ്പിക്കുന്നതെങ്കിലും) സിനിമയില്‍ ഒരു എളിയ വിഭവമായിപോലും ഇടം നേടാതെ പോകുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

               

                

Tuesday, August 30, 2011സൂസി താരു, എം.ജി. യൂണിവേഴ്സിറ്റി, തര്‍ജമ
പാഠപുസ്തകത്തിലെ തര്‍ജ്ജമാവികൃതികള്‍
പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍


2011 ഏപ്രില്‍ മാസത്തില്‍ അന്താരാഷ്ട്രപ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ് ഒരു സവിശേഷ പുസ്തകം പുറത്തിറക്കി - No Alphabet in Sight: The new Dalit writing from South India, Dosier 1: Tamil and Malayalam.. പ്രശസ്ത സാംസ്കാരിക നിരൂപകയായ സൂസി താരുവും എഫ്ളു യൂണിവേഴ്സിറ്റിയിലെ സംസ്കാരപഠനവിഭാഗം അധ്യാപകനായ കെ.സത്യനാരായണയുമാണ് എഡിറ്റര്‍മാര്‍. മലയാളത്തിലെയും തമിഴിലെയും പുത്തന്‍ ദലിത് എഴുത്തുകളെ ലോകവായനക്കാരിലേക്ക് എത്തിക്കുക എന്ന അക്കാദമികവും രാഷ്ട്രീയവും സാംസ്കാരികവുമായ ദൌത്യമാണ് ഈ പ്രസാധനത്തിലൂടെ  നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ ഇരുപത്തിരണ്ട് എഴുത്തുകാരുടെയും തമിഴിലെ ഇരുപത്തിയൊന്ന് എഴുത്തുകാരുടെയും തെരഞ്ഞെടുത്ത രചനകള്‍ (കവിത/കഥ/ലേഖനം/അഭിമുഖം) ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ്.

മലയാളം, തമിഴ് ഭാഷകളില്‍ അതിശക്തമായ ദലിത്എഴുത്തുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാലിവ ആംഗലേയവല്‍ക്കരിക്കപ്പെടാത്തതിനാല്‍ വായനക്കാരുടെ വന്‍കരകളിലെത്തുന്നില്ല. ഈ ന്യൂനതയാണ് ഇവിടെ പൂരിപ്പിക്കപ്പെടുന്നത്. സാമൂഹ്യശാസ്ത്രപഠനമണ്ഡലങ്ങളില്‍ കീഴാളപഠനമുള്‍പ്പെടെയുള്ള മേഖലകളില്‍ ഇതുവരെ ഇടപെട്ടുകൊണ്ടിരുന്നത് ഒരു അധീശന്യൂനപക്ഷം മാത്രമായിരുന്നു. ഇവരുടെ വിചാരവ്യവഹാരങ്ങളില്‍, ജൈവികചോദനയോ രീതിശാസ്ത്രപരമായ പുതമയോ വൈവിധ്യസമൃദ്ധിയോ ഇല്ല എന്ന ബോധ്യത്തില്‍നിന്നാണ് പ്രാദേശിക എഴുത്തിന്റെ ശക്തി തുറന്നു കാട്ടുന്നതിനായി ഇംഗ്ളീഷില്‍ ഇപ്രകാരം ഒരു പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സൂസി താരു പറയുന്നതുപോലെ, വിഗ്രഹവല്‍ക്കരിക്കപ്പെടാത്ത ഈ എഴുത്തുകാര്‍ മിക്കപ്പോഴും പ്രക്ഷേപിക്കുന്നത് വളരെ വ്യതിരിക്തവും ഞെട്ടിക്കുന്നതുമായ ജീവിതാനുഭവങ്ങളാണ്. ആന, കണ്ണുപൊട്ടന്മാരെ വിവരിക്കുന്ന പ്രക്രിയയ്ക്കു തുല്യമാണിത്.

ഈ പുസ്തകത്തിലെ അവസാനലേഖനമായ ‘ദലിത് പഠനത്തിന് ഒരു മുഖവുര’യില്‍ പ്രൊഫ. ടി.എം.യേശുദാസന്‍ പറയുന്നത് ശ്രദ്ധിക്കുക “One of the lessons we learn from history is that only a people who initiate a politics of self represesentation.....will find a place in history and culture. Dalit Studies, there fore, is a political mode of enquiry and explanation...on the past, present and future of dalits in order to help them find a place in history and culture and shape their future” (p.612)ആത്മപ്രതിനിധാനത്തിന്റ രാഷ്ട്രീയം കൈയാളുന്ന ജനയതയ്ക്കു മാത്രമേ ചരിത്രത്തിലും സംസ്കാരത്തിലും സ്ഥാനം പിടിക്കാന്‍ കഴിയുകയുള്ളൂവെന്ന് ചരിത്രത്തില്‍നിന്ന് നമ്മള്‍ പഠിക്കുന്ന ഒരു പാഠമാണ്. ദലിത് പഠനമെന്നത് ദലിതരുടെ ഭൂത-വര്‍ത്തമാന- ഭാവികാലങ്ങളെക്കുറിച്ചുള്ള അന്വേഷണവും വിശദീകരണവുമായിത്തീരണം. ഇവ ദലിതരെ ചരിത്രത്തിലും സംസ്കാരത്തിലും സ്ഥാനപ്പടുത്താനും അവരുടെ ഭാവിയെ കരുപ്പിടിപ്പിക്കാനും സഹായിക്കും. ഇങ്ങനെവരുമ്പോള്‍ പ്രാദേശികദലിത് എഴുത്തുകളുടെ ഇംഗ്ളീഷ് തര്‍ജ്ജമയും പഠനവും മറ്റും വളരെ രാഷ്ട്രീയനിഷ്ഠയോടെയും ജാഗ്രതയോടെയും ചെയ്യേണ്ട കാര്യങ്ങളാണെന്നു പറയാം.

മലയാളത്തിലെ ദലിത് എഴുത്തുകളെ ഈ ഗ്രന്ഥത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് കെ.സച്ചിദാനന്ദന്‍, ഉദയകുമാര്‍, എം.ടി.ആന്‍സാരി, നിവേദിത മേനോന്‍, കെ.എം.കൃഷ്ണന്‍, ജെ.ദേവിക, ദിലീപ് എം.മേനോന്‍ തുടങ്ങിയവരാണ്. രാഷ്ട്രീയമൂല്യങ്ങള്‍ ചോരാതെ നടത്തിയ ഊര്‍ജ്വസ്വലമായ തര്‍ജ്ജമകളാണവ. മൂലകൃതിയോട് ആഭിമുഖ്യം പ്രകടിപ്പിക്കണമെന്ന നിര്‍ബന്ധങ്ങളില്ലാതെ, തര്‍ജ്ജമകള്‍ പുതിയ അവതാരങ്ങളോ ഒരുപക്ഷേ സ്വതന്ത്രകൃതിപോലുമോ ആവാമെന്ന് തര്‍ജ്ജമക്കാരന്/തര്‍ജ്ജമക്കാരിക്ക് സ്വാതന്ത്യ്രം നല്‍കുന്ന സമകാലികവിവര്‍ത്തനസിദ്ധാന്തങ്ങള്‍ക്ക് ഈ ഭൂമികയില്‍ പ്രസക്തിയില്ല. എന്നാല്‍ മൂലകൃതിയോടുള്ള കേവലാഭിമുഖ്യം/വിധേയത്വം, മൂലകൃതിയുടെയും ലക്ഷ്യകൃതിയുടെയും സമമൂല്യത/സമസാഹിതീയത എന്നീ പരമ്പരാഗതവാശിപിടുത്തങ്ങളുമല്ല, മൂലകൃതിയിലെ രാഷ്ട്രീയാപേക്ഷകളും അടിസ്ഥാന ഇച്ഛകളും ലക്ഷ്യകൃതിയിലുണ്ടാവണമെന്ന വീണ്ടുവിചാരമാണിവിടെയുള്ളത്. ഈ വിചാരത്തിന്റെ മറ്റൊരുതരം വെളിപ്പെടലാണ് ഗ്രന്ഥത്തിന്റെ പ്രധാനശീര്‍ഷകം -No Alphabet in Sight.. ദലിത്ക്രൈസ്തവരുടെ പ്രശ്നങ്ങളുന്നയിച്ച, കേരളീയനവോത്ഥാനനായകനായ പൊയ്കയില്‍ അപ്പച്ചന്റെ ഒരു പാട്ട് ആരംഭിക്കുന്നത് ‘കാണുന്നീലൊരക്ഷരവും..’എന്നാണ്. ഇതിനെ വിദഗ്ധമായി കണ്ടെടുത്ത് അവതരിപ്പിക്കുകയാണ് സൂസി താരു.

ഈ പുസ്തകത്തിന്റെ ആമുഖപഠനം ആരംഭിക്കുന്നത് എസ്.ജോസഫിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിത പൂര്‍ണ്ണമായും ചേര്‍ത്തുകൊണ്ടാണ്. ഈ കവിതയെ വ്യാഖ്യാനിച്ചുകൊണ്ട് എഡിറ്റര്‍മാര്‍ പറയുന്നത് ശ്രദ്ധിക്കുക “The poem puts the identity card into unprecedented play. The moves made here are indicative of the complex, late-twentieth-century shift in conceptualizing the dalit question that this collection attempts to document (P.3)”. ഈ സമാഹാരത്തിലെ എഴുത്തുകള്‍ മുന്നോട്ടുവയ്ക്കുന്ന വ്യത്യസ്തങ്ങളായ ബോധ്യങ്ങളിലേക്കും പ്രശ്നങ്ങളിലേക്കുമെല്ലാം വിരല്‍ചൂണ്ടുന്നതുകൊണ്ടാവാം ജോസഫിന്റെ കവിതയെ ഈ പുസ്തകത്തിന്റെ കവാടമാക്കിയത്.

സാസ്കാരികലോകത്ത് കാര്യങ്ങള്‍ ഇങ്ങനെ മുന്നേറുമ്പോള്‍ എം.ജി.യൂണിവേഴ്സിറ്റി എസ്. ജോസഫിന്റെ കവിത തര്‍ജ്ജമ ചെയ്ത് ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നല്‍കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന അന്വേഷണമാണ് ഇനി നടത്തുന്നത്.

തര്‍ജ്ജമയിലെ പാഠപ്പിഴകള്‍


2010-11 അധ്യയനവര്‍ഷം ഡിഗ്രിതലത്തിലെ പഠനസമ്പ്രദായവും സിലബസും കേരളത്തിലെ സര്‍വ്വകലാശാലകള്‍ പുതുക്കിപ്പണിതു തുടങ്ങി. കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റിയായ കേരളാ യൂണിവേഴ്സിറ്റിക്കു മുമ്പുതന്നെ എം.ജി.യൂണിവേഴ്സിറ്റി ഡിഗ്രിതലത്തെ ചോയ്സ് ബേസ്ഡ് ക്രഡിറ്റ് ആന്റ് സെമസ്റര്‍ സിസ്റ (CBCSS)ത്തിലേക്കു പറിച്ചുനട്ടു. കാലാനുസൃതമായി സിലബസും പരിഷ്ക്കരിച്ചു.

പരിഷ്കരണത്തിന്റെ ഭാഗമായി രണ്ടാം സെമസ്റര്‍ ബി.ഏ.,ബിഎസ്.സി.യുടെ കോമണ്‍കോഴ്സിനുവേണ്ടി ‘Musings on Vital Issues’എന്നൊരു പാഠപുസ്തകം തയ്യാറാക്കി. ഇതിന്റെ ആമുഖത്തില്‍ ഇങ്ങനെ പറയുന്നു: ‘ The intention is to make students aware of the various aspects of three major issues that confront all of us, that is globalization, human rights and gender inequality’..നവീനജ്ഞാന പദ്ധതികളെ പരിചയപ്പെടുത്തി വിദ്യാര്‍ത്ഥികളെ രാഷ്ട്രീയപരമായി ജാഗരൂകരാക്കുക എന്നതാണ് ലക്ഷ്യം. നാല് അധ്യായങ്ങളുള്ള  ഈ പാഠപുസ്തകത്തിന്റെ ‘Globalization and Consequences’എന്ന അധ്യായത്തില്‍ എസ്.ജോസഫിന്റെ ഇടം എന്ന ശ്രദ്ധേയമായ കവിത തര്‍ജ്ജമ ചെയ്ത് For the Dispossessedഎന്ന ശീര്‍ഷകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ആഗോളീകരണം മൂന്നാംലോകരാജ്യങ്ങളിലെ സാധാരണക്കാരന്റെ ഇടങ്ങളെ വിഴുങ്ങിത്തുടങ്ങിയതിനോടുള്ള സൂക്ഷ്മപ്രതികരണമാണ് ജോസഫിന്റെ മൂലകവിത. എന്നാല്‍ തര്‍ജ്ജമകവിത ജോസഫിന്റെ പ്രത്യശാസ്ത്രത്തിനും താല്പര്യങ്ങള്‍ക്കും കടകവിരുദ്ധമായി സ്ഥാനപ്പെടുകയാണ് ചെയ്യുന്നത്. ചില ഉദാഹരണങ്ങള്‍കൊണ്ട് ഇതുവ്യക്തമാക്കാം.

ഇടത്തിലെ ക്രിയ, തര്‍ജ്ജമയിലെ ക്രിയാന്തരങ്ങള്‍


ഇടം എന്ന മലയാളകവിതയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രിയാപദം ‘എടുക്കല്ലേ’ എന്നതാണ്. കവിതയുടെ ന്യൂക്ളിയസാണ് ഈ പദം. ‘എടുക്കല്ലേ’ എന്നത് എടുക്കരുത് എന്നതിന്റെ സാംസ്കാരികപര്യായപദമല്ല. എടുക്കല്ലേ എന്ന മൊഴി അപേക്ഷാഭാവത്തിന്റെ നെല്ലിപ്പലകയിലാണ് നില്‍ക്കുന്നത്. കവിതയില്‍ എറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന ക്രിയാപദവും ഇതുതന്നെ. ഉള്ളയിടം കൂടി കവര്‍ന്നെടുത്താല്‍ പിന്നെ താനില്ല, തന്നപ്പോലെയുള്ളവരില്ല. കേന്ദ്രത്തില്‍നിന്ന് മാറ്റിപ്പാര്‍  പ്പിക്കപ്പെട്ടവന്റെ, അധികാരമില്ലാത്തവന്റെ, സാസ്കാരികമൂലധനമില്ലാത്തവനെന്ന് മുദ്രകുത്തപ്പെട്ടവന്റെ ഉരിയാട്ടമാണത്. കവിതയുടെ ചില ഭാഗങ്ങളില്‍ ഈ ക്രിയാപദം കാണുന്നില്ല. എന്നാല്‍ അവിടെയെല്ലാം അസാന്നിധ്യസാന്നിധ്യമായി ‘എടുക്കല്ലേ’ എന്ന അപേക്ഷയുണ്ട്.

‘എടുക്കല്ലേ’ എന്ന പദം സൃഷ്ടിച്ച അര്‍ത്ഥപ്പെരുക്കങ്ങളെ ആംഗലേയതര്‍ജ്ജമ  എടുത്തുകളയുന്നു. ഈ ക്രിയാപദത്തിനു പകരമായി don’t take off, don’t snatch away, don’t rob, don’t take away എന്നീ പ്രയോഗങ്ങളാണ് കാണുന്നത്. ‘എടുക്കല്ലേ’യുടെ സൂക്ഷ്മപാഠങ്ങള്‍ നല്‍കാന്‍ ഇവയ്ക്കു കഴിയുന്നില്ലെന്നു മാത്രമല്ല ‘എടുക്കല്ലേ’ എന്നു പലവുരു ആവര്‍ത്തിക്കുമ്പോള്‍ കവിതയ്ക്കു കൈവരുന്ന ശക്തിയും തര്‍ജ്ജമയില്‍ നഷ്ടപ്പെട്ടുപോകുന്നു. മൂലകവിയുടെ കര്‍ത്തൃസ്ഥാനം വിവര്‍ത്തനത്തില്‍ ഇളകിത്തുടങ്ങുന്നതിന്റെ സൂചനയാണിത്.

‘പുഴുവില്‍നിന്ന് മരപ്പൊത്തുകള്‍ എടുക്കല്ലേ
മരപ്പൊത്തില്‍നിന്ന് കിളി കാണും മാനം എടുക്കല്ലേ

കാറ്റില്‍നിന്ന് അകലങ്ങളെ
അകലങ്ങളില്‍നിന്ന് കക്കനീറ്റുമിടം കഴിഞ്ഞുള്ള
തോടിന്റെ വക്കത്തെ അമ്മവീടിനെ’   
(ഇടം എന്ന കവിതയില്‍നിന്ന്)

‘Don’t snatch away the tree holes
from the wiggling worm,
and the piece of the sky
from the brood in the tree trunk!

Don’t take off the far aways
from the strolling wind
and the far off motherhouse on the canal bank
beyond the smelly lime-kiln’       
(For the Dispossessedഎന്ന തര്‍ജമകവിതയില്‍ നിന്ന്)

പദവിന്യാസങ്ങള്‍


കവിതയിലെ പദവിന്യാസങ്ങളുടെ ഔചിത്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമെല്ലാം പൌരസ്ത്യരും പാശ്ചാത്യരുമായ കാവ്യനിരൂപകര്‍ നിരവധി നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ പദവിന്യാസം എന്ന ഉപശീര്‍ഷകം രണ്ട് അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഒന്ന്:’ കവിതയിലെ വാക്കുകളുടെ തെരഞ്ഞെടുപ്പ്, അവയുടെ വിന്യസനക്രമം എന്ന പൊതു അര്‍ത്ഥം. രണ്ട്: കവി, പറയുന്ന വിഷയത്തിലേക്ക് പദം/കാല്‍ വിന്യസിക്കുക (ഊന്നുക) എന്ന സവിശേഷ അര്‍ത്ഥം. വിഷയത്തെ പുറമേനിന്ന് കേവലമായി നോക്കിക്കണാതെ, ആന്തരീകരിച്ച് അകത്തുനിന്ന് കാണുന്ന കര്‍ത്തൃസ്ഥാനത്തെയാണ് കാലൂന്നല്‍ കൊണ്ടര്‍ത്ഥമാക്കുന്നത്. ഒരു വിഷയത്തില്‍ പദമൂന്നി കവിതയെഴുതുമ്പോള്‍, പദങ്ങള്‍ ഉചിതമായി വിന്യസിക്കപ്പെട്ടുകൊള്ളും. എന്നാല്‍ ഒരു ടൂറിസ്റ് കാഴ്ചയെന്ന നിലയില്‍ കാര്യങ്ങളെ കണ്ടാല്‍ (വിഷയത്തില്‍ പദമൂന്നാതെ), കവിതയിലെ പദവിന്യാസങ്ങള്‍ അസ്വാഭാവികവും അരോചകവുമായിത്തീരും. ജോസഫ്, വിഷയത്തില്‍ പദമൂന്നി നില്‍ക്കുന്നതുകൊണ്ട് കവിത പദങ്ങളിലൂടെ വായനക്കാരനെ സ്പര്‍ശിക്കുകയും ജാഗ്രത്താക്കുകയും ചെയ്യുന്നു. എന്നാല്‍ തര്‍ജ്ജമയില്‍ ഇത് നഷ്ടപ്പെടുന്നത് കാവ്യവിഷയത്തിന്റെ മര്‍മ്മം ഗ്രഹിക്കാനാവാത്തതുകൊണ്ടാണ്. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം.

ഒന്ന്: ഇടത്തിലെ രണ്ടാം വരി ‘മരപ്പൊത്തില്‍നിന്ന് കിളികാണും മാനം എടുക്കല്ലേ’എന്നാണ്. എന്നാല്‍ തര്‍ജ്ജമയില്‍ മാനം എന്നത് piece of sky ആയി മാറുന്നു. മാനം അഥവാ ആകാശം തര്‍ജ്ജമയില്‍ ആകാശത്തിന്റെ തുണ്ടായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ആകാശവും ആകാശത്തുണ്ടും തമ്മിലുള്ള സാംസ്കാരികവ്യത്യാസം എന്താണ്? കിളി (ജോസഫിന്റെ മനസ്സിലെ കിളി) കാണുന്ന ആകാശത്തിന് സമഗ്രതയുണ്ട്. കവിയുടെ ലോകവീക്ഷണമാണത്. ആകാശത്തുണ്ട് കാഴ്ചയുടെ പരിമിതിയെയാണ് കാണിക്കുന്നത്. ആധുനികമനുഷ്യന്‍ പ്രകൃതിയെ വസ്തുവല്‍ക്കരിച്ചതിന്റയും ഉപഭോഗസ്ഥാനത്തു നിര്‍ത്തിയതിന്റെയും ശാസ്ത്രവല്‍ക്കരിച്ചു കീഴ്പ്പെടുത്തി നിര്‍ത്തിയതിന്റെയും അബോധപ്രയോഗമായി ആകാശത്തുണ്ടിനെ മനസ്സിലാക്കാം. പ്രാചീനമോ ആധുനികപൂര്‍വ്വമോ ആയ കര്‍ത്തൃസ്ഥാനത്ത് മൂലകവി നിലകൊള്ളുമ്പോള്‍ ആധുനികതയുടെ വിചാരമാതൃകയാണ് തര്‍ജ്ജമയിലുള്ളത്. കൂടാതെ, കിളി കാണുന്ന മാനത്തിന് കാഴ്ചയുടെ തലം എന്ന അര്‍ത്ഥവുമുണ്ട്. ഈ സാധ്യതയും തര്‍ജ്ജമ ചോര്‍ത്തിക്കളഞ്ഞു. നാം നിലകൊള്ളുന്ന തട്ടകത്തെ കീറിമുറിക്കുകയും അളന്നു തിട്ടപ്പെടുത്തുകയും പൊതുകൂട്ടായ്മയെ ഒറ്റയൊറ്റകളാക്കുകയും അന്യോന്യതയുടെ ഈടുവെയ്പ്പുകളെ ശകലീകരിക്കുകയും ചെയ്യുന്ന ആധുനികതയുടെ വ്യാജപരിസരത്ത് മനമുറപ്പിക്കുന്നതിനാലാണ് ഈ ചോര്‍ച്ച സംഭവിക്കുന്നത്. മലയാളത്തിലെ ആഖ്യാനവും ആംഗലേയാഖ്യാനവും രണ്ട് ധാരകളാണെന്ന് ഇവിടെ സ്പഷ്ടമാവുന്നു. ആഖ്യാനത്തെക്കുറിച്ച് മോണാ ബേക്കര്‍ ഇങ്ങനെ എഴുതുന്നു: “Narratives are public and personal ‘stories’ that we subscribe to and that guide our behaviour. They are the stories we tell ourselves...about the worlds in which we live” (2006:19).വ്യക്തികള്‍ അവര്‍ ജീവിക്കുന്ന ലോകത്തെപ്പറ്റി സമര്‍ത്ഥിച്ചെടുക്കുന്ന വിശ്വസനീയമായ കഥകളാണ് ആഖ്യാനങ്ങള്‍. പെട്രീഷ്യ എവിക്കും സൂസന്‍ സില്‍ബിയും ആഖ്യാനങ്ങളില്‍ കാലപര(temporal)വും സന്മാര്‍ഗ്ഗപര(moral)വുമായ ശ്രേണീകൃത ക്രമപ്പെടുത്തല്‍(ordering) ഉണ്ടെന്ന് കൂട്ടിച്ചേര്‍ക്കുന്നുണ്ട് (1995:198).

രണ്ട് : ഇടം എന്ന കവിതയില്‍ ഇങ്ങനെ ഒരു വരിയുണ്ട്- ‘തോടിന്റെ വക്കത്തെ അമ്മവീടിനെ..’ തര്‍ജ്ജമയില്‍ തോട്, കനാല്‍ (canal)ആയി മാറുന്നു: ‘and the far off motherhouse on the canal bank’.. തോട് എന്നത് നാട്ടറിവിന്റെയും നാട്ടനുഭവത്തിന്റെയും ഭാഗമാണ്. ഇടത്തിലെ തോട് ഗ്രാമീണന്റെ കാഴ്ചക്കോണിലാണിരിക്കുന്നത്. എന്നാല്‍ കനാല്‍ ആധുനികതയുടെ ജലം ഒഴുകി വരുന്ന ചാലാണ്, ആധുനികവികസനസങ്കല്പത്തിന്റെ പ്രവാഹിനിയാണ്. പ്രകൃതിയോട് ചേര്‍ച്ചയുണ്ട് തോടിന്.  ആധുനികമനുഷ്യനിര്‍മ്മിതിയാണ് കനാല്‍. ഭരണകൂടത്തിന്റെ വികസനയുക്തിയോടാണ് കനാലിന് ചാര്‍ച്ച. തോടിനു പകരമായി ഗ്രാമ്യയുക്തിയിലുള്ള ഒരു ആംഗലേയപദം കണ്ടെത്താനാവാതെ കനാലില്‍ വീഴുകയല്ലേ ഈ തര്‍ജ്ജമ?

മലയാളിവിദ്യാര്‍ത്ഥികളാണ് ഈ തര്‍ജ്ജമകവിത പഠിക്കുന്നത്. കനാല്‍ എന്ന വാക്കിനെ സംബന്ധിച്ച പൂര്‍വ്വധാരണകള്‍ അവര്‍ക്കുണ്ട്. അവര്‍ ഒരിക്കലും ജോസഫിന്റെ മൂലകൃതിയിലെ തോട്ടിലേക്ക് ചെന്നെത്തുകയില്ല. തര്‍ജ്ജമയില്‍ സംഭവിക്കുന്ന ഇത്തരം ഭവിഷ്യത്തുകളെ മോണാ ബേക്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2002ല്‍ പുറത്തിറങ്ങിയ മുഹമ്മദ് ബക്രിയുടെ ജെനിന്‍ ജെനിന്‍ എന്ന പാലസ്തീനിയന്‍ ഡോക്യുമെന്ററി, പാലസ്തീന്‍കാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ജെനിന്‍ എന്ന അഭയാര്‍ത്ഥി ക്യാമ്പിനെ ഇസ്രായേല്‍ ആക്രമിക്കുന്നതിനെ ചിത്രീകരിക്കുന്നതാണ്. ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ടു സംസാരിക്കുന്ന എല്ലാവരും ഉപയോഗിക്കുന്നത് അറബി ഭാഷയാണ്. എന്നാല്‍ ഈ വിശ്രുത ഡോക്യുമെന്ററിയുടെ ആഗോള പതിപ്പ് ഇംഗ്ളീഷ് സബ്ടൈറ്റിലുകളോടെ പുറത്തിറങ്ങുമ്പോള്‍ വമ്പിച്ച ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അറബി ഭാഷ അറിയാത്തതും ഇംഗ്ളീഷ് അറിയാവുന്നതുമായ ആധുനികപുരോഗമന ആഗോളപ്രേക്ഷകന്‍ മൂലഡോക്യുമെന്ററിയുടെ സാക്ഷ്യങ്ങളല്ല മനസ്സിലാക്കുന്നതെന്ന് ചുവടെ ചേര്‍ക്കുന്ന ഉദാഹരണങ്ങള്‍ ബോധ്യപ്പെടുത്തും. രക്തസാക്ഷി, രക്തസാക്ഷിത്വം എന്നീ അര്‍ത്ഥങ്ങളില്‍ മൂലഭാഷയില്‍ വിനിമയം ചെയ്തിരിക്കുന്ന വാക്കുകള്‍ വിവര്‍ത്തിത ഡോക്യുമെന്ററിയില്‍ യഥാക്രമം ഇര/ശവം(victim /corpse), കൊല്ലപ്പെടല്‍ (killed) എന്നായി മാറി (2006:6365).

കക്ക നീറ്റുമ്പോള്‍ നാറുന്നത് ആര്‍ക്ക്?


ഇടം എന്ന കവിതയില്‍ കക്ക നീറ്റുന്ന ഇടം കടന്നു വരുന്നുണ്ട്. അമ്മവീടിനെ സ്ഥാനപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥലാനുഭവരാശി എന്നവണ്ണമാണ് കക്ക നീറ്റുമിടം കവിതയില്‍ വരുന്നത്. ഗ്രാമത്തിലെ എടുപ്പുകളുടെ നിര്‍മ്മാണത്തിന് നാട്ടുകാര്‍ തന്നെ കണ്ടെത്തിയ സാങ്കേതികവിദ്യയാണ് കക്ക നീറ്റല്‍. അത് നാട്ടാര്‍ക്ക് അനുദിനജീവിതയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ്. തര്‍ജ്ജമയില്‍ കക്ക നീറ്റുമിടത്തെsmelly lime-kilnആയി അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനത്തില്‍ കടന്നുവന്നിരിക്കുന്ന വിശേഷണപദം ശ്രദ്ധേയമാണ്. smellyഎന്നാല്‍ നാറുന്ന, രൂക്ഷഗന്ധമുള്ള എന്നൊക്കെയാണര്‍ത്ഥം. ആര്‍ക്കാണ് കക്ക നീറ്റല്‍ നാറ്റമായി അനുഭവപ്പെടുന്നത്? ഏതായാലും മൂലകവിയായ ജോസഫിന് അത് നാറ്റമല്ല. കവിതയില്‍ കക്കനീറ്റുമിടത്തിന് ഗന്ധസൂചകവിശേഷണ  പദവുമില്ല. ആധുനിക നഗരവാസിക്ക് കക്കനീറ്റുമിടം വൃത്തികെട്ടതും രൂക്ഷഗന്ധം പരത്തുന്നതുമായ ഇടമായേക്കാം. ആധുനികനഗരസംസ്കൃതിയില്‍ വൃത്തിയെക്കുറിച്ച് പുതിയ ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്. അവിടെ ‘സിമന്റ് യുക്തി’കളാണ് പ്രവര്‍ത്തിക്കുന്നത്.

തര്‍ജ്ജമപ്രക്രിയയില്‍ ഇത്തരം അപകടകരമായ അസഹിഷ്ണുതകള്‍ കടന്നുവരുന്നത്, വ്യത്യസ്ത വര്‍ഗ്ഗ-വംശ-ജാതി ഗണങ്ങളെയും അവരുടെ ബഹുസ്വരതകളെയും  അധീശയുക്തിയുടെ പരിനിഷ്ഠിതതലത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതുകൊണ്ടാണ്. മൈക്കിള്‍ ക്രോണിന്‍, തര്‍ജ്ജമയും സ്വത്വവും എന്ന ഗ്രന്ഥത്തില്‍ നടത്തുന്ന നിരീക്ഷണത്തിന് ഇവിടെ പ്രസക്തിയുണ്ട് “All translators are cultural cosmopolitans, in that going to the other texts, the other language, the other culture, involves that initial journey away from the location of once birth, language,upbringing” (2006:11). (2006:11). എല്ലാ വിവര്‍ത്തകരും സാംസ്കാരികബഹുത്വങ്ങളെ ഉള്‍ക്കൊള്ളേണ്ടവരാണ്. വിവര്‍ത്തകന്റെ ഇടം, ഭാഷ, ജീവിതപരിവൃത്തം എന്നിവയില്‍നിന്ന് മൂലകൃതി കൈയ്യാളുന്ന ഇടങ്ങളിലേക്കും ഭാഷകളിലേക്കും ജീവിതപരിസരങ്ങളിലേക്കുമുള്ള പ്രയാണത്തിലാണ് തര്‍ജ്ജമയുടെ സത്ത കുടികൊള്ളുന്നത്. ജോസഫിന്റെ കവിതയുടെ തര്‍ജ്ജമയില്‍ ഇത്തരമൊരു പ്രയാണമേയില്ല.

മറ്റൊരു കാര്യം കൂടി ക്രോണിന്‍ സൂചിപ്പിക്കുന്നുണ്ട് : “ But there is ofcourse another dimension which is that translators are expected to be fully in possession of the language and culture of the location of their birth and /or upbringing if they are to function effectively as translators, whether into or out of the native tongue” (2006:12). മൂലകൃതിയെ അടുത്തറിഞ്ഞു മനസ്സിലാക്കാന്‍ മൂലഭാഷയുടെ സാംസ്കാരികശേഷികള്‍ വിവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരിക്കണം. ഇത്തരം ശേഷികളുടെ അഭാവവും ഇടത്തിന്റെ തര്‍ജ്ജമയെ ദുര്‍ബ്ബലപ്പെടുത്തുന്നു.

ശീര്‍ഷകം ശീര്‍ഷാസനത്തില്‍!


ഇടം എന്ന കാവ്യശീര്‍ഷകം ജോസഫിന്റെ കവിതയുടെ ആഴത്തെ മുഴുവന്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. കവിയുടെ സ്വന്തം ഇടം തന്നെയാണത്. കവിയുമായി ഒരു നേര്‍ബന്ധം ആ ഇടത്തിനുണ്ട്. കവിയുടെ കര്‍ത്തൃത്വം വെളിപ്പെടുന്ന ശീര്‍ഷകം! എന്നാല്‍ തര്‍ജ്ജമയുടെ ശീര്‍ഷകം “For the Dispossessed”എന്നാണ്. നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി എന്നര്‍ത്ഥം. വിവര്‍ത്തനകവിതയുടെ കര്‍ത്തൃത്വം മാറുന്നത് ശ്രദ്ധിക്കുക. തര്‍ജ്ജമകവി, മൂലകവിയെ അപരസ്ഥാനത്താണ് നിര്‍ത്തുന്നത്. മൂലകവിക്ക് അയാളുടെ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപ്പെട്ട ഗണത്തില്‍ തര്‍ജ്ജമകവി ഉള്‍പ്പെടുന്നില്ല എന്നും ധ്വനിക്കുന്നു. എല്ലാം നഷ്ടപ്പെട്ടവരോടുള്ള വര്‍ഗ്ഗപരമായ അകല്‍ച്ച തര്‍ജ്ജമകവി  കൃത്യമായി പാലിക്കുകയും ചെയ്യുന്നു. മൂലകവിതയില്‍ എല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിട്ടില്ല, ചിലതു ബാക്കിയുണ്ട്. അത് ‘എടുക്കല്ലേ’ എന്നാണപേക്ഷ. ‘തൊട്ടുപോകരുത്’ എന്ന പ്രതികരണവുമുണ്ട്. എന്നാല്‍ തര്‍ജ്ജമ കവിക്ക് ഒരു സംശയവുമില്ല, എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒന്നോര്‍ക്കണം തര്‍ജ്ജമകവിത, ജോസഫിന്റെ കവിതയായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്!

രണ്ടാം സെമസ്റര്‍ ബി.ഏ.,ബിഎസ്.സി. വിദ്യാര്‍ത്ഥികളുടെ മറ്റൊരു ഇംഗ്ളീഷ് പാഠപുസ്തകമായ Understanding Indiabnല്‍വള്ളത്തോള്‍ നാരായണമേനോന്‍ ഗാന്ധിജിയെക്കുറിച്ചെഴുതിയ ‘എന്റെ ഗുരുനാഥന്‍’എന്ന വിഖ്യാതകവിതയുടെ തര്‍ജ്ജമയും ചേര്‍ത്തിട്ടുണ്ട് - ‘My Master’എന്ന തലക്കെട്ടില്‍! ഗുരുനാഥനെ മാസ്ററാക്കുമ്പോഴുള്ള യുക്തിരാഹിത്യം ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ.

വിവര്‍ത്തനകൃതികളിലെ ശീര്‍ഷകമാറ്റത്തിന്റെ പിന്നിലെ രാഷ്ട്രീയ ഉള്‍പ്പൊരുളുകളെ തുറന്നു കാട്ടുന്ന ഒരു ഉദാഹരണം ശ്രദ്ധിക്കുക. വിഖ്യാത ബംഗാളി എഴുത്തുകാരിയായ മഹേശ്വേതാ ദേവിയുടെ സ്തനദായിനി എന്ന കൃതിയുടെ രണ്ട് തര്‍ജ്ജമകള്‍ ഇംഗ്ളീഷില്‍ പുറത്തിങ്ങിയിട്ടുണ്ട്. ഒന്ന്: ദ് വെറ്റ് നേഴ്സ് (‘The Wet Nurse’ in Truth Tales:Stories by Indian Women, 1987) രണ്ട്: ബ്രെസ്റ് ഗിവര്‍ (‘Breastgiver’
in In Other Worlds:Essays in Cultural Politics1987). മഹേശ്വാതാദേവിക്ക് ഇഷ്ടപ്പെട്ട തര്‍ജ്ജമ ബ്രെസ്റ് ഗിവര്‍ (മുലകൊടുപ്പുകാരി) ആണ്.  ദ് വെറ്റ് നേഴ്സ് (മുലയൂട്ടുകാരി) എന്ന ശീര്‍ഷകത്തിലൂടെ ഈ കഥയിലേക്കു കടക്കുമ്പോള്‍ ‘സ്തനദായനി’ എന്ന മൂലശീര്‍ഷകം ഉല്പാദിപ്പിക്കുന്ന ഞെട്ടലും കഥ മുമ്പോട്ടുവെയ്ക്കുന്ന വിരോധാഭാസവും നിര്‍വീര്യമാക്കപ്പെടുന്നു. ദേവിയുടെ കഥയില്‍, മുലയെ വസ്തുവല്‍ക്കരിക്കപ്പെടുന്ന തൊഴില്‍ അവയവമായും ലിംഗപരമായ അപരവസ്തുവായുമാണ് ഒരേ സമയം രൂപകവല്‍ക്കരിച്ചിരിക്കുന്നത്. ഈ അര്‍ത്ഥസാധ്യതകള്‍ എല്ലാം ദ് വെറ്റ് നേഴ്സ് എന്ന ശീര്‍ഷകം കഥയിലേക്കു പ്രവേശിക്കുന്നതിനു മുമ്പേതന്നെ നഷ്ടപ്പെടുത്തുന്നു. ദേവിയുടെ കഥയിലെ ഇത്തരം സങ്കീര്‍ണ്ണതകളെ പരമാവധി ഒപ്പിയെടുക്കുന്നുണ്ട് സ്പിവാക്കിന്റെ  ബ്രെസ്റ് ഗിവര്‍ എന്ന തര്‍ജ്ജമ. സ്പിവാക്ക് പറയുന്നു: “ First, then, the translator must surrender to the text...less the translator has earned the right to become the intimate reader, she cannot surrender to the text, cannot respond to the special call of the text” (2000:400). വിവര്‍ത്തകര്‍ മൂലകൃതിയില്‍ നിമഗ്നരാവണം. മൂലപാഠത്തിന്റെ ഇംഗിതങ്ങളെ അവര്‍ കാണാതെ പോകരുത്.
പുതിയ പുതിയ ജ്ഞാനപദ്ധതികള്‍ വന്നുകൊണ്ടേയിരിക്കുന്നു. പ്രതിരോധത്തിന്റെയും ആത്മപ്രകാശനത്തിന്റെയും നവീന എഴുത്തുവഴികളും രൂപപ്പെടുന്നു. ഇത് വിദ്യാര്‍ത്ഥികളില്‍ സമര്‍ത്ഥമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സിലബസ് പരിഷ്ക്കരിക്കുമ്പോള്‍ സംഭവിക്കുന്ന വീഴ്ചകളെ കേവലം ഒരു കൈക്കുറ്റപ്പാടായി കാണാന്‍ കഴിയില്ല. കാരണം സാമൂഹ്യപ്രതിബദ്ധതയുള്ള പൌരന്മാരെ സൃഷ്ടിക്കുന്ന  രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണ് വിദ്യാഭ്യാസം. ഇങ്ങനെ വരുമ്പോള്‍ ബോധനസമ്പ്രദായ (Pedagogy)ത്തിലെ പിഴവുകളെ കുറ്റകൃത്യമായേ കാണാന്‍ തരമുള്ളൂ.

പിന്‍കുറിപ്പ്


‘ഉണ്ടക്കല്ലിന്‍മീതേ ഉണ്ടക്കല്ലുകള്‍ വെച്ച
ചൊറിയണമോ പനച്ചേനോ പടര്‍ന്ന
പച്ചിലപ്പാമ്പുകള്‍ കവിത കുറിക്കുന്ന
കയ്യാലകള്‍ എടുക്കല്ലേ ’             (ഇടം)

PLEASE DON’T TAKE AWAY
the small tea shop at the meeting of the roads,
the stone hedge built of layered boulders
overgrown with choriyanam or panachen
where green tree snakes camouflage (For the Dispossessed

ജോസഫിന് കയ്യാലകള്‍ പച്ചിലപ്പാമ്പുകള്‍ ‘കവിത കുറിക്കുന്ന’ ഇടമാണ്. തര്‍ജ്ജമയില്‍ പച്ചിലപ്പാമ്പിന്റെ കവിത കുറിക്കല്‍ അപ്രത്യമായിരിക്കുന്നു. കവിത നഷ്ടപ്പെട്ടത് ഈ ഭാഗത്ത് മാത്രമല്ല, തര്‍ജ്ജമയിലുടനീളമാണ്.ആധാരഗ്രന്ഥങ്ങള്‍1. ജോസഫ്, എസ്., മീന്‍കാരന്‍, ഡി.സി.ബുക്സ്, കോട്ടയം, 2003

2. Gayatri Chakravarty Spivak, in Lawrence Venuti (Ed.), The translation studies
Reader, Routledge, London and Newyork, 2000.
3. George, P.J., (Ed.), Musings on vital issues, Mahatma Gandhi University,
Kottayam, Orient Black Swan,2010
4. Michael Cronin, Translation and Identity,Routledge, London and Newyork,2006
5. Mona Baker, Translation and Conflict, A narrative account, Routledge, London and
Newyork,2006
5. Susie Tharu & K.Satyanarayana (Edts.), No Alphabet in Sight: The new Dalit writing from South
India, Dosier 1: Tamil and Malayalam, Penguin Books,2011
ചെറി ജേക്കബ് കെ.യുമായി ചേര്‍ന്ന് എഴുതിയത്

Tuesday, October 20, 2009

പശു നമുക്കു പാലു തരുന്നു

പശു നമുക്കു പാലു തരുന്നു - സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ നാം കേട്ട്‌, എഴുതി, പഠിച്ച ഒരു വാക്യമാണിത്‌. പശുവിനെക്കുറിച്ച്‌ അഞ്ചു വാക്യങ്ങളെഴുതാനുള്ള ചോദ്യത്തിനുത്തരമായി ഏതെങ്കിലും പരീക്ഷയില്‍ ഈ വാക്യം മലയാളി എഴുതിയിട്ടുമുണ്ടാവണം. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തയാള്‍ക്കും ഈ വാക്യം ഒരു പക്ഷേ അന്യമല്ല. സൂചിപ്പിച്ചു വരുന്നത്‌, നമ്മുടെ പൊതു ബോധത്തില്‍ ഒരു കുഴപ്പവുമില്ലാത്ത ഒരു പ്രസ്‌താവനയായി ഈ വാക്യം സ്ഥാനം പിടിച്ചിട്ടുണ്ടെന്നാണ്‌. രൂപപരമായും അര്‍ത്ഥപരമായും സാധുവായ ഒരു വാക്യമായി നാമിതിനെ പരിഗണിച്ചുവരുന്നു.എന്നാല്‍ ഈ വാക്യത്തില്‍ എന്തെങ്കിലും പന്തികേടുണ്ടോ? സാംസ്‌കാരികമായ ചില പന്തികേടുകളുണ്ടെന്നാണ്‌ എന്റെ പക്ഷം. പശു നമുക്കു പാലു തരുന്നു എന്ന വാക്യം ശ്രദ്ധിച്ചാല്‍ നമുക്ക്‌ (മനുഷ്യര്‍ക്ക്‌) പാലു തരാന്‍ വേണ്ടിയുള്ള മൃഗമാണ്‌ പശുവെന്നു തോന്നും; മനുഷ്യര്‍ക്ക്‌ പാല്‌ നല്‍കേണ്ടത്‌ അതിന്റെ ധര്‍മ്മമാണെന്നും. തരുന്നു എന്ന പ്രയോഗമാണ്‌ സൂക്ഷ്‌മമായി ചര്‍ച്ച ചെയ്യേണ്ടത്‌. പശു അതിന്റെ പാലുമായി മനുഷ്യരുടെ പുറകെ നടക്കുകയാണെന്നോ മനുഷ്യരുടെ വീടിനു മുമ്പില്‍ പാലുമൊഴുക്കി നില്‌ക്കുന്നുവെന്നോയുള്ള പ്രതീതി ഈ ക്രിയ ജനിപ്പിക്കുന്നുണ്ട്‌. പശുവിന്റെ കുട്ടിയെ തള്ളിമാറ്റി മനുഷ്യന്‍ അവനുവേണ്ടി പാല്‍ കറെന്നെടുക്കുകയാണ്‌ ചെയ്യുന്നതെന്ന കാര്യത്തെ / സത്യത്തെ മൊത്തത്തില്‍ ഒളിപ്പിക്കുകയാണ്‌ ഈ ഭാഷാവാക്യം.ചൂഷണത്തെ എപ്രകാരമാണ്‌ ചൂഷകന്‍ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്‌ എന്നതിന്റെ നല്ലൊരു ഉദാഹരണമാണിത്‌. ചൂഷണത്തെ മൂടിവയ്‌ക്കാന്‍ ഭാഷയെയടക്കം ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. പശുവിന്റെ പാല്‍ അതിന്റെ കുട്ടിക്കുള്ളതാണ്‌. പശുക്കുട്ടിക്കുള്ള പാലിനെ നിഷേധിച്ചുകൊണ്ടോ അല്ലെങ്കില്‍ അതിന്‌ ഔദാര്യത്തോടെ അല്‌പം നല്‌കിക്കൊണ്ടോ ബാക്കി പാല്‌ മുഴുവന്‍ മനുഷ്യന്‍ കറന്നെടുത്ത്‌ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. പക്ഷികളും മൃഗങ്ങളുമെല്ലാമടങ്ങുന്ന പരിസ്ഥിതിക്കുനേരെയുള്ള മനുഷ്യന്റെ പൊതു മനോഭാവത്തിന്റെ ചിഹ്നവല്‍ക്കരണം കൂടിയാണിത്‌. അധികാരം എന്നത്‌ മറ്റൊന്നിന്റെ മുകളിലുള്ള ആധിപത്യമായി മാറുന്നു. അഥവാ മറ്റൊന്നിന്റെ സ്വാതന്ത്ര്യത്തെയും സ്വാഭാവികതയെയും തകര്‍ത്ത്‌ അതിനുമേല്‍ ആധിപത്യം സ്ഥാപിച്ച്‌ സ്വയം ഒരു അധികാരിയായി മനുഷ്യന്‍ വാഴുന്നു. കൈയ്യാളുന്ന അധികാരത്തെ സാധൂകരിക്കാനും അതു ചോദ്യം ചെയ്യപ്പെടാതിരിക്കാനും വേണ്ടി എല്ലാ സാംസ്‌കാരികയുക്തികളും പ്രയോഗിക്കുന്നു. മനുഷ്യന്‍ മനുഷ്യനെത്തന്നെ ഇത്തരം ചൂഷണങ്ങള്‍ക്കു വിധേയമാക്കുന്നുണ്ടെന്നും സാധ്യമായ അധികാരമുപയോഗിച്ച്‌ അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിരിച്ചറിയണം. വര്‍ഗം,വംശം,വര്‍ണം,മതം,ജാതി,ലിംഗം എന്നീ നിര്‍ണയനങ്ങളിലെല്ലാം അധികാരപ്രയോഗ സാധ്യതകളും ചൂഷണ വ്യഗ്രതകളും അടയിരിപ്പുണ്ട്‌. ആയതിനാല്‍ ഭാഷയടക്കമുള്ള സാംസ്‌കാരിക ഉല്‌പന്നങ്ങളെ പ്രശ്‌നവല്‍ക്കരിക്കാതിരിക്കാന്‍ തരമില്ല. ഈവക കാര്യങ്ങളാണ്‌ പശു നമുക്കു പാലു തരുന്നു എന്ന വാക്യം ഇന്നു നമ്മോടു പറയുന്നത്‌.

ഫൊഞ്ചാരപ്പാറ്റ.. കിലാഞ്ചി.. മാതിരി....

ഈ വാക്കുകള്‍ മലയാളമാണെന്നു തോന്നുമെങ്കിലും മലയാളമല്ല. എന്നാല്‍ തീര്‍ത്തങ്ങനെ പറയാനും കഴിയില്ല. കാരണം മലയാളത്തോടും കേരളസംസ്‌കാരത്തോടും ബന്ധമുള്ള പരിസരത്തുനിന്നു കടന്നുവരുന്ന വാക്കുകളാണിവ. ലക്ഷദ്വീപുസമൂഹങ്ങളില്‍ പൊതുവെ ഉപയോഗിച്ചു വരുന്ന ഭാഷയാണ്‌ ജസരി. മലയാളം, തമിഴ്‌, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളുടെ ഒരു പ്രത്യേക പാറ്റേണിലുള്ള മിശ്രിതമാണ്‌ ജസരി ഭാഷ. മുപ്പത്തിയാറോളമുള്ള ദ്വീപുകളില്‍ കടമത്ത്‌, അഗത്തി, കവറത്തി, ചേത്ത്‌ലാത്ത്‌, ആന്ത്രോത്ത്‌, അമിനി, മിനിക്കോയി, ബിത്ര, കില്‍ത്താന്‍ തുടങ്ങിയ പത്തിടങ്ങളില്‍ മാത്രമേ ജനവാസമുള്ളൂ. ഈ പത്തിടങ്ങളിലും ദേശ്യഭേദങ്ങളോടെ ജസരി നിലനില്‍ക്കുന്നു. മാലിദ്വീപുമായും അവിടുത്തെ സംസ്‌കാരവുമായും അടുപ്പവും ഉടപ്പവും കാത്തു സൂക്ഷിക്കുന്ന മിനിക്കോയിലെ പ്രാദേശിക ഭാഷയ്‌ക്ക്‌ വ്യതിരിക്തതയുണ്ട്‌.കടമത്ത്‌ ദ്വീപിലെ നിവാസികള്‍, മറ്റെല്ലാദ്വീപുകളിലെയുമെന്നപോലെ, പലഹാരപ്രിയരാണ്‌. അവരുടെ സവിശേഷമായ ചില പലഹാരങ്ങളുടെ പേരുകളാണ്‌ തലക്കെട്ടില്‍. ഈ ലിസ്റ്റ്‌ ഇനിയും നീട്ടാം. കുനിയപ്പം, ബാര, കുസ്‌മുണ്ടി, സീരപ്പം, കൈബീശി, ശോഡപ്പം.... എന്നിങ്ങനെ. ഒരു ഫോക്‌ലോര്‍ പഠന പ്രോജക്ടുമായി ബന്ധപ്പട്ട്‌, ആലുവ യൂ. സി. കോളേജിലെ രണ്ടാം വര്‍ഷ മലയാളം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടൊത്ത്‌, ദത്തങ്ങള്‍ ശേഖരിക്കാനായി കടമത്തുദ്വീപുനിവാസികളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഞങ്ങളെ സ്വീകരിച്ചത്‌ ഈവക പലഹാരങ്ങള്‍ നല്‍കിയാണ്‌. ഇത്‌ എല്ലാ വീടുകളിലും ആവര്‍ത്തിച്ചു.പലഹാരങ്ങളുടെ രുചിവൈവിധ്യങ്ങള്‍ക്കപ്പുറം എന്നെ ആകര്‍ഷിച്ചത്‌ അവയുടെ ആകൃതികളാണ്‌. പലഹാരങ്ങളെക്കുറിച്ചുള്ള രൂപബോധങ്ങള്‍ ആകെ തകിടം മറിയുകയായിരുന്നു. വിചിത്രങ്ങളായ രൂപങ്ങളാണ്‌ അവയ്‌ക്കുള്ളത്‌. പഠനത്തിന്റെ ഭാഗമായി ലക്ഷദ്വീപ്‌ ദൃശ്യങ്ങളെ ഞാന്‍ രേഖാചിത്രങ്ങളാക്കുന്നുണ്ടായിരുന്നു. കടമത്തിന്റെ ലാന്റ്‌സ്‌കേപ്പ്‌, മത്സ്യബന്ധനദൃശ്യങ്ങള്‍, വിവിധതരം ബോട്ടുകള്‍, കോറലുകള്‍, മത്സ്യങ്ങള്‍, മറ്റു കടല്‍ ജീവികള്‍ തുടങ്ങിയവയൊക്കെ വരയ്‌ക്കപ്പെട്ടു. അപ്പോഴാണ്‌ രൂപപരമായ ചില കൂട്ടി വായനകള്‍ മനസ്സില്‍ നടന്നത്‌. വിവിധങ്ങളായ കടല്‍ ജീവികളുടെയും കവടികളുടെയും കോറലുകളുടെയും രൂപങ്ങള്‍ മറ്റൊരു സന്ദര്‍ഭത്തില്‍ കണ്ടതുപോലെ. ഓര്‍മകളിലൂടെ ബന്ധങ്ങളെ കണ്ടെടുത്തു. ഈ രൂപങ്ങള്‍ തന്നെയല്ലേ പലഹാരങ്ങളുടെയും രൂപങ്ങള്‍! അതെ. അതൊരു രൂപപരമായ തീര്‍പ്പുകല്‌പിക്കല്‍ കൂടിയായിരുന്നു. കടമത്തുനിവാസികളുടെ പലഹാരരൂപങ്ങളുടെ രൂപപരമായമാതൃക അവിടുത്തെ കടല്‍ജീവികളുടെ രൂപത്തില്‍നിന്നു കണ്ടെടുത്തതാണെന്ന നിരീക്ഷണം കടമത്തുനിവാസികളും അദ്‌ഭുതത്തോടെ ഏറ്റെടുത്തു. നിര്‍മാണാത്മകത, സൗന്ദര്യാത്മകത എന്നീ ഘടകങ്ങളെ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ ശൂന്യതയോ കേവലതയോ അല്ലെന്നും ചരിത്രസാമൂഹ്യസാഹചര്യങ്ങളാണെന്നുമുള്ള സിദ്ധാന്തം പ്രായോഗികമായി മനസിലാക്കപ്പെടുകയായിരുന്നു ഈ താരതമ്യത്തിലൂടെ.

Sunday, October 4, 2009

മൊബൈല്‍ ചിലയ്‌ക്കുമ്പോള്‍ നാം കേള്‍ക്കുന്നത്‌...

ഇന്നു മിക്കപേര്‍ക്കും മൊബൈല്‍ഫോണു(കളു)ണ്ട്‌. ആവശ്യത്തിനും അനാവശ്യത്തിനുമായി ഇത്‌ ഉപയോഗിക്കപ്പെടുന്നു. ഒരാളുടെ ആവശ്യം മറ്റൊരാള്‍ക്ക്‌ അനാവശ്യമായി തോന്നുന്നതുമാവാം. ആവശ്യം-അനാവശ്യം എന്ന ചര്‍ച്ചയിലേക്കു തല്‌ക്കാലം കടക്കുന്നില്ല.മൊബൈല്‍ഫോണിന്റെ ഉപയോഗികതയ്‌ക്കപ്പുറം അതിനെ ഒരു സൗന്ദര്യവസ്‌തുവാക്കി നിലനിര്‍ത്തുന്നതിലും കൊണ്ടുനടക്കുന്നതിലും ഉപഭോക്താക്കള്‍ പൊതുവെ ശ്രദ്ധവെയ്‌ക്കുന്നു. കാണാന്‍ ഭംഗിയുള്ള മോഡല്‍ വാങ്ങുക, അനുയോജ്യമായ ഉടുപ്പണിയിക്കുക, ഇമ്പമുള്ളതോ കൗതുകമുള്ളതോ ആയ റിംഗ്‌ ടോണ്‍ സെറ്റ്‌ ചെയ്യുക, വിളിക്കുന്നയാള്‍ കേള്‍ക്കാനായി കോളര്‍ ടോണോ പാട്ടോ ഉള്‍ച്ചേര്‍ക്കുക - എന്നിങ്ങനെ നീണ്ടുപോകുന്നു സൗന്ദര്യവല്‌ക്കരണങ്ങള്‍.
റിംഗ്‌ ടോണും കോളര്‍ ടോണും തെരഞ്ഞെടുക്കുമ്പോള്‍ ഫോണുടമ അറിഞ്ഞോ അറിയാതെയോ അയാളെ സ്വയം നിര്‍വചിക്കുകയാണ്‌. അയാളുടെ സ്വത്വത്തിന്റെ മൊത്തം പ്രകാശനമാണ്‌ ഇതെന്ന അതിവാദം അവതരിപ്പിക്കുകയല്ല. എന്നാല്‍ അയാളുടെ ആത്മത്തിന്റെ ചെറിയ തോതിലെങ്കിലുമുള്ള പ്രകടനമാണിത്‌ എന്നു പറയാതെ വയ്യ. കാരണം ഈ ടോണുകളുടെയും പാട്ടുകളുടെയും ശ്രോതാവ്‌ അയാള്‍ മാത്രമല്ല. റിംഗ്‌ ടോണിന്റെ ശബ്ദപരിസരത്തുള്ളവരെല്ലാം ശ്രോതാക്കളാണ്‌. വിളിക്കുന്നവരെല്ലാം കോളര്‍ടോണിന്റെ ശ്രോതാക്കളായി മാറുന്നുമുണ്ട്‌. ടോണ്‍ ശ്രോതാക്കള്‍ക്ക്‌ ഇവിടെ പാസ്സീവായ കര്‍ത്തൃസ്ഥാനം (വ്യാകരണപരമായി കര്‍മ്മസ്ഥാനം) മാത്രമേയുള്ളുവെങ്കിലും അങ്ങനെയൊരു സംവര്‍ഗ്ഗത്തെ മുന്‍നിര്‍ത്തിയാണ്‌ മൊബൈല്‍ ഫോണുടമ ടോണിന്റെയും പാട്ടിന്റെയും തെരഞ്ഞെടുപ്പിലൂടെ സ്വയം വെളിപ്പെടുന്നത്‌. താന്‍ സാംസ്‌കാരികമായി എങ്ങനെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്‌.
‘ചോരവീണമണ്ണില്‍..‘ എന്നുതുടങ്ങുന്ന വിപ്‌ളവപ്പാട്ടോ ‘ഓം ഭൂര്‍ ഭുവസ്വഃ‘ എന്നാരംഭിക്കുന്ന ഗായത്രീമന്ത്രമോ ‘വരുവാനില്ലാരുമിന്നൊരുനാളും‘ എന്നു തുടങ്ങുന്ന സിനിമാക്കവിതയോ റിംഗ്‌ടോണ്‍ - കോളര്‍ ടോണ്‍ ആയി കേള്‍ക്കുമ്പോള്‍ അതു സെലക്ട്‌ ചെയ്‌ത ഫോണുടമയെക്കുറിച്ചൊരു വീണ്ടുവിചാരം ശ്രോതാവു നടത്തിപ്പോകും. ഈ വിചാരം താല്‌ക്കാലികവും നൈമിഷികവുമാകാമെങ്കിലും റിംഗ്‌ടോണ്‍ - കോളര്‍ ടോണ്‍ പ്രകടനങ്ങള്‍ സംസ്‌കാരബദ്ധമാണ്‌. സാംസ്‌കാരികപ്രകടനങ്ങളായി ഇവയെ മനസ്സിലാക്കാന്‍ കഴിയും. അടിപൊളിപ്പാട്ടുകളോ ശുദ്ധസംഗീതമോ ഒന്നും ഉള്‍ച്ചേര്‍ക്കാതെ പഴയകാല ലാന്റ്‌ ഫോണിന്റെ റിംഗിംഗ്‌ ശബ്ദം റിംഗ്‌ടോണോ കോളര്‍ ടോണോ ആയി ക്രമീകരിക്കുന്നവരും മറ്റൊരു തരത്തിലുള്ള പ്രകടനമാണ്‌ കാഴ്‌ച വയ്‌ക്കുന്നത്‌. മൊബൈല്‍ ഫോണുടമയുടെ കലാബോധം, രാഷ്ട്രീയം, ലോകബോധം തുടങ്ങിയവയൊക്കെ അയാളുടെ മൊബൈലിലൂടെ റിംഗ്‌ ടോണായി, കോളര്‍ ടോണായി ശാബ്ദീകരിക്കപ്പെടുന്നുവെന്നു സാരം. നാം നിസ്സാരമെന്നു കരുതുന്നതില്‍വരെ സൗന്ദര്യപരതയും പ്രത്യയശാസ്‌ത്രവും അടയിരിക്കുന്നു. ഒറ്റ വാക്കില്‍ ‘സംസ്‌കാരം’ കുടിയിരിക്കുന്നുവെന്നു പറയാം. മൊബൈല്‍ ഫോണുടമയുടെ സ്വത്വ പ്രകാശനം, കപടസ്വത്വ പ്രകാശനവുമാകാനുള്ള (കര്‍ണ്ണാടകസംഗീതം തീരെ ഇഷ്ടമില്ലാത്തവന്‍ ഒരു കീര്‍ത്തനം റിംഗ്‌ടോണോ കോളര്‍ ടോണോ ആയി സെറ്റുചെയ്യുന്നത്‌ ഉദാഹരണം) സാധ്യതയുമുണ്ട്‌ എന്നു വരുമ്പോഴാണ്‌ ‘റിംഗ്‌ടോണുകളും കോളര്‍ ടോണുകളും സാംസ്‌കാരികപ്രകടനങ്ങളാണ്‌ ’ എന്ന പ്രസ്‌താവനയിലെ ‘സാംസ്‌കാരികം’ എന്ന വാക്കിന്റെ അര്‍ത്ഥം സമഗ്രവും സമ്പൂര്‍ണ്ണവുമാവുന്നത്‌.

ചീട്ട്‌ - കളിയും കാര്യവും

ഒരു സമൂഹത്തിലെ എല്ലാ അടരുകളിലെയും ശ്രേണികളിലെയും മനുഷ്യര്‍ കളിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കളിയാണ്‌ ചീട്ടുകളിയെങ്കിലും ചീട്ടിനെയും ചീട്ടുകളിയെയും ഒരു ‘നിലവാര’മുള്ള കളിയായോ സാംസ്‌കാരിക ലീലയായോ ചീട്ടുകളിസമൂഹമോ ചീട്ടുകളിക്കാത്ത സമൂഹമോ പരിഗണിച്ചുവരുന്നില്ല എന്നതു കൗതുകകരമായ കാര്യമാണ്‌. ജനപ്രിയകളിയെന്ന പദവിമൂലമാവണം ഈ അന്യവല്‍ക്കരണം. ജനപ്രിയ സാഹിത്യത്തെയും അടുത്ത കാലംവരെ നാം ‘ഒഴിവാക്കി’നിര്‍ത്തിയിരുന്നല്ലോ. എന്നാല്‍ ഇപ്പോള്‍ കണ്‍വഴികളും കാഴ്‌ചവട്ടങ്ങളും മാറിത്തീര്‍ന്നിരിക്കുന്നു. പൊതുജീവിതശൈലിയില്‍പ്പെടുന്ന എല്ലാ വ്യവഹാരങ്ങളും സംസ്‌കാരത്തിനകത്താണ്‌ എന്നു നാം തിരിച്ചറിയുന്നു. കേരളത്തിലെ കളികളെക്കുറിച്ച്‌ ഇനിയുണ്ടാവുന്ന പഠനത്തില്‍ ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും മാത്രമല്ല ചീട്ടുകളിയെയടക്കം പരിഗണിക്കേണ്ടിയിരിക്കുന്നു.
ഒരു സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളിലും ചീട്ടുകളി വൈവിധ്യങ്ങളോടെ നിലകൊള്ളുന്നതു കാണാം. ക്ലബ്ബുകള്‍, ബാറുകള്‍, ഉത്സവപ്പറമ്പുകള്‍, തീവണ്ടി, ആല്‍ത്തറ, വീട്‌, ലോഡ്‌ജ്‌ എന്നിങ്ങനെ നീണ്ടുപോകുന്നതാണ്‌ ചീട്ടുകളി സ്ഥലങ്ങള്‍. കളിയിലെ തോല്‍വിക്കുള്ള പിഴയായി പണം ഈടാക്കുന്നതു മുതല്‍ ഏത്തമിടീല്‍ വരെയുണ്ട്‌. മറ്റു ചിലപ്പോള്‍ ജോക്കര്‍ കാര്‍ഡ്‌ ചെവിയില്‍ തിരുകിയാല്‍ മതിയാവും. പണം വച്ചുള്ള ചീട്ടുകളി പൊതുവെ നിരോധിക്കപ്പെട്ടിരിക്കുന്നു. ചീട്ടുകളിയുടെ മാസ്‌മരികതയില്‍പ്പെട്ട്‌ സര്‍വതും തുലച്ചുകളയാതിരിക്കാനാണ്‌ ഗവണ്‍മെന്റിന്റെ ഈ നിരോധനം. കളി കാര്യമാകുന്നുവെന്നാണ്‌ ഇതിനര്‍ത്ഥം. ചീട്ടുകളിയിലൂടെ ദരിദ്രരായിത്തീര്‍ന്നവരുടെ കഥ കളിക്കാര്‍തന്നെ ഒരുപക്ഷേ പറഞ്ഞുതരും.
എന്നാല്‍ ചീട്ടുകളിയുടെ ‘കളിമട്ടി’ല്‍ പ്രിയത പൂണ്ട്‌ കളിയില്‍ എര്‍പ്പെടുന്നവരാണ്‌ അധികവും. ആബാലവൃദ്ധം ജനങ്ങളും ഈ ഗണത്തില്‍പ്പെടും. സമയം കൊല്ലാനുള്ള ഉപാധിയായാണ്‌ ചീട്ടുകളിയെ ഈ ഗണം നോക്കിക്കാണുന്നതെങ്കിലും ചെറിയ തോതിലുള്ള ധൈഷണികവ്യാപാരം കൂടിയാണിത്‌. ‘റമ്മി’എന്നു വിളിക്കപ്പെടുന്ന കളി കണക്കിന്റെ കളികൂടിയാണ്‌. ചീട്ടു വരവിലെ ഭാഗ്യം മാത്രമല്ല ചീട്ട്‌ സംവിധാനം ചെയ്യാനുള്ള കഴിവുകൂടി ഇവിടെ വിജയത്തിന്‌ നിദാനമാകുന്നു. ഈ കളിയില്‍ ഓരോ കളിക്കാരനും / കളിക്കാരിയും ഏകാകിയാണ്‌ എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഒരു കളിക്കൂട്ടായ്‌മയില്‍ത്തന്നെ പ്രത്യക്ഷപ്പെടുന്ന ഒറ്റയൊറ്റ തുരുത്തുകള്‍. ‘ഇരുപത്തിയെട്ട്‌ ’, ‘അമ്പത്തിയാറ്‌ ’ എന്നീ കളികള്‍ ടീമായി കളിക്കപ്പെടുന്നതിനാല്‍ ഒരു പ്രത്യേക തരത്തിലുള്ള ഗെയിം സ്വഭാവം ഇവയ്‌ക്കുണ്ട്‌. കൂടെ കളിക്കുന്നയാളിന്റെ മനസ്സറിഞ്ഞുവേണം അതേ ടീമംഗം കളിക്കാന്‍. ഇവിടെ കളിക്കാര്‍ തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഫ്‌ളാഷ്‌, കീച്ച്‌, മുച്ചീട്ട്‌, കഴുത എന്നിങ്ങനെ നീണ്ടു പോകുന്നതാണ്‌ കേരളത്തിലെ ചീട്ടുകളി വൈവിധ്യങ്ങള്‍.
കേരളത്തില്‍തന്നെ എത്രയോ തരത്തിലുള്ള ചീട്ടുകളികളുണ്ട്‌! ഒരു കളി തന്നെ പല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നു. ചെറിയ കളിഭേദങ്ങളോടെ ചിലതു നിലനില്‍ക്കുന്നു. ഒരു ഗ്രാമമോ ഒരു ക്ലബ്ബോ ഒരു കൂട്ടായ്‌മയോ വികസിപ്പിച്ചെടുത്ത സവിശേഷകളിയും ഉണ്ടാവാം. സൂചിപ്പിച്ചു വരുന്നത്‌, ഒരു കൊളോണിയല്‍ അവശിഷ്ടമായി കേരളത്തില്‍ നിലകൊള്ളുന്ന ചീട്ടും ചീട്ടുകളിയും കൊളോണിയല്‍ യുക്തിയിലല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്‌ എന്നാണ്‌. താന്താങ്ങളുടേതായ രീതിയില്‍ ചീട്ടുകളിയെ ഓരോ സമൂഹവും മാറ്റിത്തീര്‍ക്കുന്നുവെന്നു സാരം. ഇവിടെയാണ്‌ ഒരു നാടോടികളി (folk game) എന്ന നിലയില്‍ ചീട്ടുകളിയെ പരിഗണിക്കേണ്ടിവരുന്നത്‌. അങ്ങനെ വരുമ്പോള്‍ ഓരോ സവിശേഷ ചീട്ടുകളി സമൂഹത്തെയും ഫോക്കായും പരിഗണിക്കണം.
ചൈനയിലാരംഭിച്ച്‌, പിന്നീട്‌ യൂറോപ്പിലും അമേരിക്കയിലുമെത്തി, ക്രമേണ അവരാല്‍ ലോകമെമ്പാടുമെത്തിയ ചീട്ടിനും ചീട്ടുകളിക്കും ചരിത്രത്തിന്റെ ഗന്ധം കൂടിയുണ്ട്‌. ആദ്യ കാലത്തെ ഭാരമുള്ള വലിയ ചീട്ടിന്റെ സ്ഥാനത്ത്‌, ഇന്ന്‌ ലഭ്യമാകുന്ന മിനുസമാര്‍ന്ന കാര്‍ഡിന്‌ കടലാസ്‌ നിര്‍മ്മാണത്തിന്റെയും അച്ചടിയുടെയും ഡിസൈനിംഗിന്റെയും ചരിത്രം പറയാനുണ്ട്‌. ചീട്ടിലെ രൂപങ്ങള്‍ക്കുമുണ്ട്‌ രാജവംശങ്ങളുമായി ബന്ധപ്പെട്ട സുദീര്‍ഘ ചരിത്രം. നാം ഒരു തീവണ്ടിയാത്രക്കിടയില്‍, ബോറടി മാറ്റാനായി 25 രൂപ കൊടുത്ത്‌ ഒരു 'കുത്ത്‌ 'ചീട്ടു വാങ്ങി, കശക്കി കളിതുടങ്ങുമ്പോള്‍, കൈയ്യിലിരിക്കുന്നത്‌ ഒരു (ലോക)ചരിത്രവസ്‌തുവാണെന്നും നിങ്ങളുടെ കളിയില്‍ കേരളത്തിന്റെ അടയാളം പൂണ്ട കേളീശൈലി ഇടപെടുന്നുവെന്നും തിരിച്ചറിയണം. ചുരുക്കത്തില്‍, ചീട്ടുകളിയെ ആധാരമാക്കി ചരിത്രപഠനം, പ്രകടനപഠനം, ഫോക്‌ലോര്‍ പഠനം, ജനപ്രിയ കളിപഠനം, സംസ്‌കാരപഠനം എന്നിവയ്‌ക്കു സാധ്യതയുണ്ട്‌.